എം.ജി സര്‍വ്വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിന് നീക്കം; തെളിവുകള്‍ പുറത്ത്
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ പുനര്‍മൂല്യനിര്‍ണയത്തിനിടെ മാര്‍ക്ക് തട്ടിപ്പിന് ശ്രമം നടന്നതായുള്ള തെളിവുകള്‍ പുറത്ത്. എംകോം നാലാം സെമസ്റ്റര്‍ ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പറും, രഹസ്യ നമ്പറും ഉള്‍പ്പെടെ സിന്‍ഡിക്കേറ്റ് അംഗത്തിന് നല്‍കാണം എന്നാവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് നല്‍കിയ കത്ത് പുറത്തു വന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച മാര്‍ക്ക് ദാന വിവാദം ചൂടുപിടിക്കെയാണ് എംജി സര്‍വകലാശാലയിലെ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവരുന്നത്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റ് അംഗത്തിന് കൈമാറാനുള്ള അസാധാരണ നിര്‍ദ്ദേശം വൈസ് ചാന്‍സിലര്‍ തന്നെയാണ് പരീക്ഷ കണ്‍ട്രോളര്‍ക്ക് നല്‍കിയത്.
എംകോം നാലാം സെമസ്റ്റര്‍ അഡ്വാന്‍സ്ഡ് കോസ്റ്റ് അക്കൗണ്ടിംഗ് പരീക്ഷയുടെ 30 ഉത്തരക്കടലാസുകള്‍ രജിസ്റ്റര്‍ നമ്പറും രഹസ്യ നമ്പറും ഉള്‍പ്പെടെ ഡോക്ടര്‍ പി പ്രകാശിന് നല്‍കാനാണ് വിസി നിര്‍ദ്ദേശിച്ചത്. പ്രകാശിന്റെ കത്ത് തന്നെ പരിഗണിച്ചുകൊണ്ടാണ് നടപടി. മൂല്യനിര്‍ണയം നടത്തുന്ന അധ്യാപകര്‍ പോലും പരീക്ഷ എഴുതിയ ആളെ തിരിച്ചറിയാതിരിക്കാതാണ് രഹസ്യ നമ്പര്‍ നല്‍കുന്നത്.
രജിസ്റ്റര്‍ നമ്പരും രഹസ്യ നമ്പരും ലഭ്യമാക്കിയാല്‍ ഉത്തരക്കടലാസ് ആരുടേതെന്ന് തിരിച്ചറിഞ്ഞ് മാര്‍ക്ക് തട്ടിപ്പ് നടത്താം. പരീക്ഷ നടത്തിപ്പിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തെളിവുകള്‍ പുറത്തുവന്നിട്ടും വൈസ് ചാന്‍സിലറോ അധികൃതരോ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയില്ല. ഇതിനിടെ മാര്‍ക്ക് ദാന വിവാദത്തില്‍ വി സിയുടെ റിപ്പോര്‍ട്ട് കിട്ടാതെ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.