
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ തുടര്‍ന്ന് കേരളത്തില്‍ നിറഞ്ഞ വയലന്‍സിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ തിരിച്ചടിയായത് മാര്‍ക്കോ സിനിമയ്ക്ക്. തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‌സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്.
ലോവര്‍ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‌സി നിരസിച്ചു. റീജിയണല്‍ എക്‌സാമിനേഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശ സെന്‍ട്രല്‍ ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. യു അല്ലെങ്കില്‍ യു/ എ കാറ്റഗറിയിലേക്ക് മാറ്റാന്‍ പറ്റാത്ത അത്ര വയലന്‍സ് സിനിമയില്‍ ഉണ്ടെന്നായിരുന്നു വിലയിരുത്തല്‍. കൂടുതല്‍ സീനുകള്‍ വെട്ടിമാറ്റി വേണമെങ്കില്‍ നിര്‍മ്മാതാക്കള്‍ക്ക് വീണ്ടും അപേക്ഷിക്കാം.
സിനിമയിലെ വയലന്‍സ് കൂടുന്നതില്‍ ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനെ കുറ്റപ്പെടുത്തുന്നതില്‍ മറുപടിയുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലീം സര്‍ട്ടിഫിക്കേഷന്റെ കേരള റീജിയന്‍ മേധാവി നദീം തുഫേല്‍ രംഗത്തുവന്നത്. സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായി മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് ഇപ്പോള്‍ നിലവിലില്ലെന്നും ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് നിലവിലെ രീതിയെന്നും അദേഹം വ്യക്തമാക്കി.
കുട്ടികള്‍ വയലന്‍സ് കൂടുതലുള്ള സിനിമകള്‍ കാണാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തേണ്ടത് മാതാപിതാക്കളെന്ന് ഫിലീം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജിയണല്‍ മേധാവി നദീം തുഫേല്‍. ഉള്ളടക്കം പരിശോധിച്ച് ഏതൊക്കെ പ്രായത്തിലുള്ളവര്‍ കാണരുതെന്ന് നിഷ്‌കര്‍ഷിച്ചാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. അതിനാല്‍ കുട്ടികളുമായി സിനിമയ്ക്ക് പോകും മുന്‍പ് സിനിമയുടെ സര്‍ട്ടിഫിക്കറ്റേതാണെന്ന് അന്വേഷിക്കുന്നത് ഉചിതമാണ്. എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ 18 വയസില്‍ താഴെയുള്ളവരെ കാണാന്‍ അനുവദിക്കുന്നതായി പരാതി ലഭിച്ചാല്‍ തീയറ്ററിനെതിരെ പതിനായിരം രൂപ വരെ പിഴ ഈടാക്കാന്‍ നിയമമുണ്ടെന്നും നദീം പറഞ്ഞു.
സമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സിനിമകളിലെ വയലന്‍സ് നിയന്ത്രിക്കാന്‍ നടപടികളുമായി ഫിലീം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. ഉള്ളടക്കം കര്‍ശനമായി പരിശോധിക്കണമെന്ന് നിര്‍ദേശം നല്‍കിയെന്ന് റീജിയണല്‍ മേധാവി പറഞ്ഞു. സിനിമകളുടെ സര്‍ട്ടിഫിക്കറ്റ് ഏതാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നദീം തുഫേല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. മലയാളികള്‍ക്കൊപ്പം മറുഭാഷ് പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് പതിപ്പും കളക്റ്റ് ചെയ്തിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്‌സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ.
അതേസമയം കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സമയത്തും വയലന്‍സ് രംഗങ്ങളെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.
അതേസമയം സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും അക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാര്‍ക്കോ സിനിമക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് നിര്‍മ്മാതാും രംഗത്തുവന്നു. മാര്‍ക്കോ പോലെ വയലന്‍സ് നിറഞ്ഞ സിനിമകള്‍ ഇനി ചെയ്യില്ലെന്ന് ഷരീഫ് മുഹമ്മദ് ഒരു ചാനലിനോട് പറഞ്ഞു. മാര്‍ക്കോ വയലന്‍സിനെ പ്രോത്സാഹിപ്പിക്കണമെന്ന ഉദ്ദേശത്തോടെ ചെയ്ത സിനിമയല്ലെന്നും പ്രേക്ഷകര്‍ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും അദ്ദേഹം പറഞ്ഞു.
വരാന്‍ ഇരിക്കുന്ന കാട്ടാളന്‍ എന്ന സിനിമയിലും കുറച്ചു വയലന്‍സ് സീനുകളുണ്ട്. മാര്‍ക്കോയിലെ അതിക്രൂര വയലന്‍സ് ദൃശ്യങ്ങള്‍ കഥയുടെ പൂര്‍ണ്ണതക്ക് വേണ്ടിയാണ് ഉണ്ടാക്കിയത്. അതൊരു സിനിമാറ്റിക് അനുഭവമായി കാണാന്‍ ശ്രമിക്കണം. മാര്‍ക്കോയിലെ ഗര്‍ഭിണിയുടെ സീന്‍ സിനിമക്ക് ആവശ്യമുള്ളതായിരുന്നു. ‘ഏറ്റവും വയലന്‍സ് ഉള്ള സിനിമ’ എന്ന പരസ്യം കൊടുത്തത് കള്ളം പറയാതിരിക്കാനാണ്. മാര്‍ക്കോ 18+ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമയാണ്. അത് കാണാന്‍ കുട്ടികള്‍ ഒരിക്കലും തിയേറ്ററില്‍ കയറരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.