മരടിലെ ഫ്‌ളാറ്റുകള്‍ 11ന് പൊളിച്ചു തുടങ്ങും; സ്‌ഫോടക വസ്തുക്കള്‍ വെള്ളിയാഴ്ച നിറച്ച് തുടങ്ങും
കൊച്ചി: തീരദേശപരിപാലന നിയമം ലഘിച്ചതിനെ തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകള്‍ 11,12 തീയതികളിലായി പൂര്‍ണമായും തകര്‍ക്കും. നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് കെട്ടിട സമുച്ചയങ്ങള്‍ തകര്‍ക്കുന്നത്. ഇതിനായി ഫ്‌ളാറ്റുകളില്‍ വെള്ളിയാഴ്ച മുതല്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങുമെന്ന് പൊളിക്കല്‍ കരാര്‍ എടുത്തിട്ടുള്ള ഏജന്‍സികള്‍ പറഞ്ഞു.
ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകളിലായിരിക്കും സ്‌ഫോടകവസ്തുക്കള്‍ വെള്ളിയാഴ്ച നിറയ്ക്കുക. അങ്കമാലിയിലെ മഞ്ഞപ്രയില്‍ കനത്ത സുരക്ഷയില്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ വെള്ളിയാഴ്ച രാവിലെ ഫ്‌ലാറ്റുകളിലെത്തിക്കും. അതീവ സുരക്ഷ നല്‍കി സ്‌ഫോടക വസ്തുക്കള്‍ പ്രത്യേകം തയാറാക്കിയ രണ്ട് വാനുകളിലായാണ് മരടില്‍ എത്തിക്കുക.
തുടര്‍ന്ന് ഫ്‌ലാറ്റുകളിലെ വിവിധ നിലകളില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ദ്വാരങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിക്കും. ഹോളിഫെയ്ത്തിലായിരിക്കും ആദ്യം സ്‌ഫോടകവസ്തുക്കള്‍ നിറച്ചുതുടങ്ങുക. ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ലാറ്റുകള്‍ പെളിക്കാന്‍ കരാറേറ്റെടുത്തിരിക്കുന്ന എഡിഫൈസായിരിക്കും ഇവിടങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുക. ആറിന് ആല്‍ഫാസെറീന്‍ ഇരട്ട സമുച്ചയത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കും.
ഹോളി ഫെയ്ത്ത്, ജെയ്ന്‍, ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതിന് 150 കിലോ സ്‌ഫോടക വസ്തുക്കളും ആല്‍ഫ സെറീനിലെ രണ്ട് ടവറുകള്‍ക്ക് 500 കിലോഗ്രാം സ്‌ഫോടക വസ്തുക്കളുമാണ് ഉപയോഗിക്കുക. എമല്‍ഷന്‍ എക്‌സ്‌പ്ലോസീവ് വിഭാഗത്തില്‍പ്പെട്ട വസ്തുക്കളാണ് ഇവ.