കൊച്ചി: മരട് ഫ്ളാറ്റില്‍ നിന്ന് നഗരസഭയുടെ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ഫ്ളാറ്റ് ഉടമകള്‍. നാളെ മുതല്‍ അനിശ്ചിത കാല റിലേ സത്യാഗ്രഹം ആരംഭിക്കാനും താമസക്കാരുടെ തീരുമാനം. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞ ശേഷം മാത്രം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുകയുള്ളെന്ന് മരട് നഗരസഭ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. ഒഴിപ്പിക്കല്‍ നിയമാനുസൃതമല്ലെന്ന താമസക്കാരുടെ മറുപടി റിപ്പോര്‍ട്ടാക്കി നഗരസഭ സര്‍ക്കാറിന് സമര്‍പ്പിച്ചു.
മരടിലെ ഫ്ളാറ്റിലെ താമസക്കാര്‍ക്ക് നഗരസഭ ഒഴിഞ്ഞ് പോകാന്‍ നല്‍കിയിരിക്കുന്ന കാലാവധി നാളെ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് താമസക്കാരുടെ തീരുമാനം. മാത്രമല്ല നാളെ മുതല്‍ നഗരസഭയ്ക്ക് മുന്നിലും ഫ്ളാറ്റിന് മുന്നിലും സമരം അനിശ്ചിതകാല റിലേ സത്യാഗ്രഹം നടത്താനാണ് ഫ്ളാറ്റ് ഉടമകളുടെ തീരുമാനം. രാവിലെ 9 മണി മുതല്‍ വൈകുന്നേരം5 മണി വരെ നഗരസഭയ്ക്ക് മുന്നിലും വൈകുന്നേരം5 മണി മുതല്‍ രാത്രി 9 മണി വരെ ഫ്ളാറ്റിന് മുന്നിലുമൊരിക്കും റിലേ സത്യാഗ്രഹം നടക്കുക.