കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം പുഴുവരിച്ച് തുടങ്ങി
മുളങ്കുന്നത്തുകാവ്: മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ അഴുകി പുഴുവരിച്ച തുടങ്ങി. മൃതദേഹങ്ങളില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധവും വമിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശീതീകരണ മുറിയില്‍ ഇനിയും മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഇടക്കിടെ ആളുകള്‍ വരുമ്പോള്‍ ഫ്രീസര്‍ തുറക്കേണ്ടി വരുന്നതുകൊണ്ടാണ് എംബാം ചെയ്തിട്ടും മൃതദേഹങ്ങള്‍ അഴുകാന്‍ കാരണമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ മൃതദേഹങ്ങള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സംസ്‌കരിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് മൃതദേഹം സൂക്ഷിക്കുന്നതിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊല്ലപ്പെട്ടവരില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്.
ആശുപത്രിയും മോര്‍ച്ചറി പരിസരവും ഇപ്പോഴും അതീവ സുരക്ഷ വലയത്തിലാണ്. സംസ്‌കാരവും തുടര്‍ നടപടികളും വൈകുന്നതില്‍ പോലീസിനകത്തും അസംതൃപ്തി പടരുന്നുണ്ട്. തോക്കേന്തിയ നൂറോളം പോലീസുകാര്‍ ഇപ്പോഴും അതീവ ജാഗ്രതയില്‍ ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.