മാനന്തവാടി: വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ട് സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ മീന്‍മുട്ടി വാളരംകുന്നിലായിരുന്നു സംഭവം. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത്‌കേരള പോലീസിന്റെ സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ട് പട്രോളിംഗ് നടത്തുമ്പോള്‍ മാവിയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നെന്ന് പറയുന്നു.
തണ്ടര്‍ബോള്‍ട്ട് നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു. പ്രദേശത്ത് ഇരുപതോളം മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായും പറയുന്നു. പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗര്‍ ഡാമിനും സമീപത്തായുള്ള വനമേഖലയില്‍ രാവിലെ മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്ക് ആരേയും പോലീസ് കയറ്റിവിടുന്നില്ല.
ഇവിടെ മൊബൈല്‍ ഫോണിന് റേഞ്ചില്ലെന്നും സാറ്റലൈറ്റ് ഫോണ് വഴി പോലീസ് ആസ്ഥാനത്ത് നിന്നും തണ്ടര്‍ ബോള്‍ട്ട് സംഘവുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നുമാണ് സൂചന. കഴിഞ്ഞ വര്‍ഷം വൈത്തിരിയില്‍ പോലീസ് വെടിവയ്പ്പില്‍ മാവോയിസ്റ്റ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവം വിവാദമായിരുന്നു.