ഇത്തവണ തുലാവര്‍ഷ മഴ കുറയും; പ്രവചനവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: ഇത്തവണ തുലാവര്‍ഷത്തില്‍ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണ്‍സൂണ്‍ കാലയളവില്‍ പ്രതീക്ഷിച്ചതിലും അധികം മഴ സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ തുലാവര്‍ഷം കനക്കുന്ന പതിവ് ഇക്കുറി തെറ്റുമെന്നാണ് നിഗമനം. മണ്‍സൂണിന്റെ അവസാനഘട്ടത്തില്‍ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഈ മണ്‍സൂണില്‍ സംസ്ഥാനത്ത് ഇതുവരെ കിട്ടിയത് 14 ശതമാനം അധികമഴയാണ്. പ്രതീക്ഷിച്ചത് 189 സെന്റീമീറ്റര്‍ മഴയാണ്. എന്നാല്‍ ജൂണ്‍ ഒന്നു മുതല്‍ ഈ മാസം 12 വരെ സംസ്ഥാനത്ത് 215 സെന്റീമീറ്റര്‍ മഴ പെയ്തു. നാലു ജില്ലകളില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മഴ കിട്ടി. പാലക്കാട് ജില്ലയില്‍ 42 ശതമാനത്തോളം അധികമഴ പെയ്തു. ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്, 334 സെന്റീമീറ്റര്‍. കാസര്‍കോട്,കണ്ണൂര്‍ ജില്ലകളിലും മുന്നൂറ് സെന്റീമീറ്ററിലേറെ മഴ പെയ്തു.
ഇടുക്കി, വയനാട് ജില്ലകളില്‍ പ്രതീക്ഷിച്ച മഴ കിട്ടിയില്ല. സാധാരണ മഴക്കണക്കില്‍ 20 ശതമാനം വരെ വ്യതിയാനമുണ്ടാകാറുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴ കുറവായിരുന്നു. ഓഗസ്റ്റ് ആദ്യ ആഴ്ച മുതല്‍ പെയ്ത കനത്തമഴയാണ് മഴക്കുറവ് പരിഹരിച്ചത്.