ന്യൂഡല്‍ഹി:അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച രാവിലെ നടക്കും. 11.45 ന് നിഗം ബോധ് ഘട്ടിൽ വെച്ചായിരിക്കും ചടങ്ങുകൾ. നിലവിൽ ഡൽഹി മോത്തിലാൽ നെഹ്‍റു മാർഗിലെ വസതിയിലുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് എത്തിക്കും. ശേഷം വിലാപയാത്രയായിട്ടായിരിക്കും സംസ്കാര സ്ഥലത്തേക്ക് മൃതദേഹം കൊണ്ടുപോകുക.
അതിനിടെ മൻമോഹൻ സിങ്ങിന് യമുനാ തീരത്ത് പ്രത്യേക സ്മാരകം വേണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി ഇന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യം സംബന്ധിച്ച് എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എംപി പ്രിയങ്ക ഗാന്ധി എന്നിവർ ഇതേ ആവശ്യവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനേയും സന്ദർശിച്ചു. അതേസമയം കേന്ദ്രസർക്കാർ ഇതുവരെ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.
വ്യാഴാഴ്ച രാത്രിയായിരുന്നു ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. അതേസമയം മൻമോഹൻ സിംഗിന്റെ മരണത്തിൽ അനുശോചന പ്രവാഹമാണ്. ഭരണഘടനാ പദവിയുടെ അന്തസ്സിന് ഹാനി വരുത്താതെ, ഭരണഘടനയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയെക്കുറിച്ച് തികഞ്ഞ ബോധ്യത്തോടെയായിരുന്ന പ്രധാനമന്ത്രിയായിരുന്നു മൻമോഹൻ സിങ് എന്ന് കെസി വേണുഗോപാൽ പറഞ്ഞു. പാര്‍ലമെന്റിനെ അദ്ദേഹം ഒരുകാലത്തും നിസ്സാരമായിക്കണ്ടില്ല.
സഭ നടക്കുമ്പോഴെല്ലാം അദ്ദേഹം ഡല്‍ഹിയിലുണ്ടാകും, സഭയില്‍ ഹാജരാകുമായിരുന്നു. പ്രതിപക്ഷത്തെ പരിഗണിക്കുകയും അവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുകയും തന്നെ പരിഹസിച്ചവരോട് വരെ മാന്യത വിടാതെ പ്രതികരിക്കുകയും ചെയ്തത്, ജനാധിപത്യത്തിന്റെ കരുത്ത് പ്രതിപക്ഷമാണ് എന്ന രാഷ്ട്രീയ വിവേകം അദ്ദേഹത്തിനുണ്ടായിരുന്നതുകൊണ്ടാണ്. ജനാധിപത്യം മാന്യന്മാരുടെ ഇടപാടാണെന്ന് പലരെയും ഓർമപ്പെടുത്തിക്കൊണ്ടും കൂടിയാണ് അദ്ദേഹം ഒരു വലിയ പാഠപുസ്തകം ഇവിടെ വരും തലമുറകൾക്കായി മലർക്കെ തുറന്നുവെച്ച് യാത്രയാകുന്നത്’, കെസി വേണുഗോപാൽ കുറിച്ചു.
ഇന്ത്യയെ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളിലൊന്നായി വളര്‍ത്തിയതില്‍ ഡോ. മന്‍മോഹന്‍ സിങിന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അനുശോചിച്ചു. ‘സമൂലമായ പരിഷ്‌കരണത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം.
ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പൊളിച്ചെഴുത്താണ് മന്‍മോഹന്‍ സിങ് നടത്തിയത്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരഞ്ഞപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാന്‍ കരുത്ത് നല്‍കിയത് അദ്ദേഹം തെളിച്ച സാമ്പത്തിക നയങ്ങളുടെ പിൻബലത്തിൽ ആയിരുന്നു’, സുധാകരൻ പറഞ്ഞു.