Entertainment

‘വെളുത്തതല്ലേടാ, പണിയില്ലാതെ വീട്ടിരുന്നപ്പോ ഒന്ന് വെട്ടം വെച്ചതാ, അടുത്ത ദിവസം ഷൂട്ട് തുടങ്ങും, കറുത്തോളും നീ ടെന്‍ഷന്‍ അടിക്കേണ്ട.. ‘; മഞ്ജു പത്രോസ്

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായിമാറിയ താരമാണ് മഞ്ജു പത്രോസ്. നിരവധി വിവാദങ്ങളും താരത്തിന്റെ പേരില്‍ ഉടലെടുത്തിട്ടുണ്ട്. ഇപ്പോളിതാ കടയില്‍ സാധനം വാങ്ങാന്‍ പോയ സമയത്ത് നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് മഞ്ജു ഫേസ്ബുക്കിലൂടെ.

കുറിപ്പിങ്ങനെ;

പ്രിയപ്പെട്ട എന്റെ സുഹൃത്തുക്കളെ.. പ്രത്യേകം എടുത്തു പറയുന്നു, എന്റെ സുഹൃത്തുക്കളോട് മാത്രമാണ് ഞാന്‍ ഇത് പറയുന്നത്..
എനിക്ക് ഒരു വിഭാഗം ആളുകളെ കുറിച്ച് നിങ്ങളോട് കുറച്ചു സംശയങ്ങള്‍ ചോദിക്കാനുണ്ട്.. കറുത്തതായി പോയത് കൊണ്ട് കുഞ്ഞിലേ മുതല്‍ ഒരുപാട് അയ്യേ വിളികളും അയ്യോ വിളികളും സഹതാപകണ്ണുകളും കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍… അതൊക്കെ കേട്ടിട്ട് അന്നൊക്കെ വീട്ടില്‍ വന്ന് കണ്ണാടി നോക്കി കരഞ്ഞിട്ടുണ്ട്..

പൈസ ഇല്ലാഞ്ഞിട്ടും പരസ്യത്തില്‍ fair and lovely തേച്ചു പെണ്ണുങ്ങള്‍ വെളുക്കുന്നത് കണ്ട് അതും പപ്പയെ കൊണ്ടു മേടിപ്പിച്ചു തേച്ചു നോക്കിയിട്ടുണ്ട്. പണ്ടേ കറുത്തിരുന്ന മുഖത്ത് കുറെ കുരു വന്നതല്ലാതെ കൈ വെള്ള പോലും വെളുത്തില്ല.. പിന്നീട് കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ മനസിലായി ഈ കളര്‍ എന്ന് പറയുന്നത് ഒരു ഉണ്ടയും അല്ലെന്ന്. അങ്ങനെ ഞാന്‍ എന്നെയും എന്റെ നിറത്തെയും സ്നേഹിക്കാന്‍ തുടങ്ങി…

പിന്നീട് ഞാന്‍ നന്നായി ഒരുങ്ങും.. പൊട്ട് വെക്കും.. പൌഡര്‍ ഇടും… കണ്ണെഴുത്തും… ഇതൊക്കെ ചെയ്ത് ഞാന്‍ എന്നെ കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്തൊരു സന്തോഷമാണെന്നോ.. പൌഡര്‍ ഇട്ടതു കൊണ്ടു വെളുത്തു എന്ന തോന്നലിലല്ല.. മറിച് ഒരുങ്ങിയപ്പോള്‍ എന്നെ എനിക്ഷ്പ്പെട്ടതു കൊണ്ടാണ്.

ഇപ്പോഴും ഞാന്‍ ഒരുങ്ങും.കണ്ണെഴുതും പൊട്ട് വെക്കും.. ലിപ്സ്റ്റിക് ഇടും..പൌഡര്‍ ഇടാറില്ല, മറ്റൊന്നും കൊണ്ടല്ല മുഖം dry ആകുന്നത് കൊണ്ട്.. പക്ഷെ ഇപ്പോള്‍ നേരിടുന്ന ഒരു വലിയ പ്രശ്നം ഞാന്‍ ഒന്ന് ഒരുങ്ങിയാലോ ലിപ്സ്റ്റിക് ഇട്ടാലോ ഒരുകൂട്ടം സേട്ടന്‍മാരും സെച്ചിമാരും ഉടനെ വരും കറുപ്പായിരുന്നു നല്ലത്.. പുട്ടി ഇട്ടിരിക്കുവാനോ.. ചായത്തില്‍ വീണോ എന്നൊക്കെ ചോദിച്ചു കൊണ്ട്.

ഏറ്റവും രസം എന്താണെന്നു വെച്ചാല്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഷൂട്ടിനല്ലാതെ ഞാന്‍ നിങ്ങള്‍ പറഞ്ഞു കളിയാക്കുന്ന പുട്ടി എന്നു പറയുന്ന ഫൌണ്ടേഷന്‍ ഉപയോഗിക്കാറില്ല. പിന്നെ അത് വാരി തേച്ചാലോ അതിലേക്ക് മറിഞ്ഞു വീണാലോ ഈ പറയുന്ന ഭംഗി ഉണ്ടാവുകയുമില്ല. പുട്ടി കഥ പറയുന്ന നല്ലവരായ ആളുകളോട് പലപ്പോഴും ചോദിക്കാന്‍ തോന്നാറുണ്ട്. കറുത്തവര്‍ make up ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് എവിടെ ആണ് പൊള്ളുന്നത്.ഒരു കാര്യം നിങ്ങള്‍ മനസിലാക്കണം make up ചെയ്യുന്നത് skin tonil ആണ്. അല്ലാതെ white വാഷ് അല്ല.

കഴിഞ്ഞ ദിവസം ഉണ്ടായ ഒരു സംഭവം കൂടി ഇവിടെ പറയാം… ഞാന്‍ തിരുവനന്തപുരം വഴുതക്കാട് ഉള്ള റിലൈന്‍സ് ഫ്രഷില്‍ ഒരുദിവസം പോയി.വണ്ടി പെട്ടെന്ന് വന്നത് കൊണ്ട് കണ്ണ് എഴുതാന്‍ പോയിട്ട് ഒരു പൊട്ട് വെക്കാന്‍ പോലും പറ്റിയില്ല. കയ്യില്‍ കിട്ടിയ മാസ്‌കും എടുത്തുവെച്ചു കാറിലേക്ക് ഓടി കയറിയതാണ്. ബാഗില്‍ ഒരു ക്ലിപ്പ് ഉണ്ടായിരുന്നത് കൊണ്ട് മുടിയില്‍ ഇടാന്‍ സാധിച്ചു. ഇപ്പോള്‍ നിങ്ങള്‍ക് ഊഹിക്കാം ഞാന്‍ ഏത് വിധത്തില്‍ ആണ് പോയിട്ടുണ്ടാവുക എന്ന്. അങ്ങനെ കടയില്‍ കയറി.. സാധനങ്ങള്‍ എടുക്കുമ്പോള്‍ എനിക്ക് പുറകില്‍ നിന്ന കടയിലെ staff പെണ്‍കുട്ടി എന്തോ പിറുപിറുക്കുന്നു. ശ്രദ്ധിച്ചപ്പോള്‍ മനസിലായി, എന്നെ കുറിച്ചാണ്.. അവള്‍ ആ കടയിലെത്തന്നെ മറ്റൊരു staff പയ്യന് എന്നെ മനസിലാക്കി കൊടുക്കുകയാണ്.

ഞാന്‍ തിരിഞ്ഞു നിന്ന് ചിരിച്ചു.. ഒരു കാര്യവുമുണ്ടായില്ല. വൃത്തിയായി ഞാന്‍ ചമ്മി.. കാരണം ഞാന്‍ അറിയാതിരിക്കാന്‍ തിരിഞ്ഞു നിന്നായിരുന്നു അവരുടെ സംസാരം. ഞാന്‍ മെല്ലെ ഇപ്പുറത്തെ സൈഡില്‍ വന്നു വെണ്ടയ്ക്ക പെരുകുമ്പോള്‍ കടയിലെ ചെറുക്കന്റെ അടക്കിപിടിച്ചുള്ള സംസാരം..’ അയ്യേ എന്തോന്നിത് ‘(ഞാന്‍ ഞെട്ടി.. എന്നെയാണ്.. ഞാന്‍ തുണിയുടുത്തിട്ടുണ്ടല്ലോ ദൈവമേ.. ഇവന്‍ എന്ത് അയ്യേ വെച്ചത്, ഒന്നും മനസിലായില്ല )അപ്പോള്‍ അടുത്തത്.. ‘ഇവള്‍ എന്തോന്ന് കാണിച്ചേക്കുന്നത്’ (വീണ്ടും എന്റെ ഞെട്ടല്‍.. എടുക്കാന്‍ പാടില്ലാത്തത് എന്തേലും ഞാന്‍ എടുത്തോ? )അപ്പൊ വെള്ളിടി പോലെ അടുത്ത അവന്റെ ഡയലോഗ്.. ‘എന്തൊരു മേക്കപ്പ്.. എന്തൊരു മേക്കപ്പ്. അയ്യേ.. വൃത്തികേട്.. എന്തൊരു കറുത്തതായിരുന്നു അവള്‍.. അയ്യേ.. ‘അപ്പോഴാണ് എനിക്ക് കാര്യം മനസിലായത്.. എനിക്ക് കുരു പൊട്ടി..

ഞാന്‍ മേക്കപ്പ് ചെയ്താലോ ചെയ്തില്ലെങ്കിലോ ഇവനെന്താ. കടയില്‍ വരുന്നവരുടെ ഇത്തരം കാര്യങ്ങള്‍ ആരും ശ്രദ്ധിക്കില്ല. പക്ഷെ ഞാന്‍ കറുത്തത് ആയതാണ് ആ സായിപ്പന്‍കുഞ്ഞിന്റെ പ്രശ്നം .. അവിടുത്തെ ലൈറ്റ് അടിയില്‍ നിന്നപ്പോള്‍ കുറച്ചു കളര്‍ അവന് തോന്നിയിരിക്കാം. ഉടനെ കറുത്തവള്‍ മേക്കപ്പ് ചെയ്തു ഇറങ്ങിയിരിക്കുന്നു എന്നാക്കി. പിന്നെ ഒന്നും നോക്കിയില്ല ഞാനും അവിടെ നിന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ‘വെളുത്തതല്ലേടാ. പണിയില്ലാതെ വീട്ടിരുന്നപ്പോ ഒന്ന് വെട്ടം വെച്ചതാ. അടുത്ത ദിവസം ഷൂട്ട് തുടങ്ങും. കറുത്തോളും നീ ടെന്‍ഷന്‍ അടിക്കേണ്ട.. ‘ എനിക്ക് തല്‍ക്കാലത്തേക്ക് ആശ്വാസം കിട്ടി.

അവനെ പോലെയുള്ള മാക്രി കൂട്ടങ്ങളുടെ അസുഖം എന്താണെന്ന് അറിയാനാണ് ഞാന്‍ ഇത്രയും പറഞ്ഞത്. എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ആര്‍കെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു തരണം. പിന്നെ നിങ്ങള്‍ ഒന്നുടെ പറയണം.. ‘അവര്‍ കറുത്തതാണ്.. അവര്‍ മേക്കപ്പ് ചെയ്യും.. filter ഇട്ട് ഫോട്ടോ ഇടും.. ആര്‍ക്കെങ്കിലും അത് കണ്ട് ചൊറിയുന്നുണ്ടെങ്കില്‍ മാറി ഇരുന്ന് ചൊറിഞ്ഞോളാന്‍….
എന്റെ കൂട്ടുകരോട്.. നിറഞ്ഞ സ്നേഹം..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker