CrimeKeralaNews

രാഖില്‍ മോട്ടിവേറ്ററായിരുന്നുവെന്ന് മാനസയുടെ കോളേജിലെ വിദ്യാര്‍ത്ഥികളുടെ മൊഴി, രാഖിൽ മാനസയ്ക്കു നേരെ മൂന്നു തവണ വെടിയുതിർത്തു

കൊച്ചി:കോതമംഗലത്ത് ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി വെടിവെച്ച്‌ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖില്‍ മോട്ടിവേറ്ററായിരുന്നുവെന്ന്, കൊല്ലപ്പെട്ട മാനസയുടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍. പോലീസിനാണ് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്. രഖില്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് മൊഴി നല്‍കിയത്. മാനസയുടെ കോളേജിലെ പല വിദ്യാര്‍ത്ഥികളുമായും രഖില്‍ അടുപ്പം സ്ഥാപിച്ചിരുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമായത്.

മാനസയെ തിരഞ്ഞാണ് താന്‍ കോതമംഗലത്ത് എത്തിയതെന്ന കാര്യം രഖില്‍ ഇവരോട് ആരോടും പറഞ്ഞിരുന്നില്ല.പുറമെ സന്തോഷവാനായി നടക്കുമ്പോഴും മനസ് നിറയെ മാനസയോടുള്ള പ്രതികാരമായിരുന്നു. ചിട്ടയായ ജീവിതരീതിയായിരുന്നു രഖിലിന്റേതെന്നും മുറികള്‍ വൃത്തിയായി സൂക്ഷിക്കുകയും വസ്ത്രങ്ങള്‍ വൃത്തിയായി മടക്കിവെക്കുമായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കൊല നടത്താന്‍ രഖില്‍ ഉപയോഗിച്ചത് പഴയ തോക്കാണെന്ന് പൊലീസിന് വ്യക്തമായി. നാടന്‍ തോക്കാണിത്. 7.62 എംഎം പിസ്റ്റളാണ്. ഏഴ് റൗണ്ട് വരെ നിറയൊഴിക്കാന്‍ കഴിയുന്ന തോക്കില്‍ നിന്ന് മാനസയ്ക്ക് നേരെ രണ്ട് തവണയാണ് നിറയൊഴിച്ചത്. ചെവിക്ക് പിന്നിലായും നെഞ്ചിലുമാണ് മാനസയ്ക്ക് വെടിയേറ്റത്. രഖില്‍ പിന്നാലെ സ്വയം വെടിവെച്ച്‌ ആത്മഹത്യ ചെയ്യുകയുമായിരുന്നു. രഖിലിന് എവിടെ നിന്നാണ് തോക്ക് കിട്ടിയതെന്നാണ് ഇപ്പോള്‍ പൊലീസ് അന്വേഷിക്കുന്നത്.

തോക്കിൻ്റെ ഉറവിടം സംബന്ധിച്ച്‌ നിലവില്‍ പൊലീസിന് യാതൊരു സൂചനയുമില്ല. തോക്ക് പണം നല്‍കി വാങ്ങിയതോ സുഹൃത്തുക്കളില്‍ നിന്ന് സംഘടിപ്പിച്ചതോ ആകാമെന്നാണ് പൊലീസ് സംഘം കരുതുന്നത്. ഈ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത കാലത്ത് രഖില്‍ നടത്തിയ അന്തര്‍ സംസ്ഥാന യാത്രകള്‍ അടക്കം പരിശോധിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ വിവരങ്ങളും പരിശോധിക്കും. കണ്ണൂരില്‍ എത്തിയ അന്വേഷണ സംഘം രഖിലിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്‌ത് തുടങ്ങി.

കൊല്ലപ്പെടുന്നതിന് അടുത്ത ദിവസങ്ങളില്‍ രഖില്‍ നാല് തവണ മാനസയോട് സംസാരിച്ചുവെന്നാണ് രഖിലിന്‍റെ കമ്പനി പാട്ണറും അടുത്ത സുഹൃത്തുമായ ആദിത്യന്റെ പ്രതികരണം. മാനസ അവഗണിച്ചതോടെ രഖിലിന് പകയായി. രഖിലിന് കൗണ്‍സിലിംഗ് നല്‍കണമെന്ന് കുടുംബത്തെ താന്‍ അറിയിച്ചിരുന്നുവെന്നും ആദിത്യന്‍ പറഞ്ഞു. പഠിച്ച സ്ഥലമായ ബംഗളൂരുവില്‍ രഖിലിന് ബന്ധങ്ങളുണ്ട്. ഇന്‍റീരിയര്‍ ഡിസൈനിംഗിനുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതും അവിടെ നിന്നാണ്. എന്നാല്‍, തോക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് തനിക്കറിയില്ലെന്നും ആദിത്യന്‍ പറഞ്ഞു.

മറ്റൊരു പ്രണയം തകര്‍ന്ന ശേഷമാണ് മാനസയെ രഖില്‍ പരിചയപ്പെട്ടതെന്ന് സഹോദരന്‍ രാഹുല്‍ പറഞ്ഞു. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം വിടാന്‍ രഖില്‍ തയ്യാറായിരുന്നില്ല. മാനസ തള്ളിപ്പറഞ്ഞത് രഖിലിനെ തളര്‍ത്തിയെന്നും കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ആരോടും സംസാരിക്കാറില്ലായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു. ജീവിതം തകര്‍ന്നെന്ന് തനിക്ക് രഖില്‍ മെസേജ് അയച്ചിരുന്നു. വിദേശത്ത് പോയി പണമുണ്ടാക്കിയാല്‍ ബന്ധം തുടരാനാകുമെന്നായിരുന്നു രഖിലിന്റെ പ്രതീക്ഷയെന്നും സഹോദരന്‍ പ്രതികരിച്ചു. എന്നാല്‍ മാനസയുമായുള്ള സൗഹൃദം തകര്‍ന്നതില്‍ മാനസീക പ്രയാസങ്ങള്‍ ഇല്ലെന്ന് കുടുംബത്തെ ധരിപ്പിക്കാന്‍ രഖില്‍ ശ്രമിച്ചിരുന്നതായാണ് വിവരം. മറ്റൊരു വിവാഹം ആലോചിക്കാന്‍ തയ്യാറാണെന്നും ഇയാള്‍ കുടുംബത്തെ അറിയിച്ചിരുന്നു.

രഖിലിന്‍റെ അമ്മ കുറച്ച്‌ ദിവസമായി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് അയല്‍വാസി പറഞ്ഞു. കല്യാണം ആലോചിക്കുന്നതായും ഇതിനായി ഓണ്‍ലൈന്‍ മാര്യേജ് വെബ്സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതായും അമ്മ പറഞ്ഞതായി ഇവര്‍ പറഞ്ഞു. ജോലിക്കായി ഗള്‍ഫില്‍ പോകാനും ശ്രമം തുടങ്ങിയിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ നടന്നില്ല. ടിക്കറ്റൊക്കെ റെഡിയായതാണ്. പിന്നീട് കോയമ്ബത്തൂര്‍ വഴി പോകാനും ശ്രമം നടന്നിരുന്നു. രഖില്‍ നെല്ലിമറ്റത്താണെന്ന വിവരവും കുടുംബത്തിന് അറിയില്ലായിരുന്നുവെന്നാണ് കരുതുന്നത്. കൊച്ചിയില്‍ ഇന്‍റീരിയര്‍ ഡിസൈനിംഗ് വര്‍ക്കുണ്ടെന്ന് പറഞ്ഞാണ് കണ്ണൂരില്‍ നിന്ന് ഇയാള്‍ പോയത്. ഇത്തരമൊരു കൃത്യം നടത്തുമെന്ന് കുടുംബം കരുതിയില്ല. രഖില്‍ തോക്ക് എവിടെ നിന്ന് സംഘടിപ്പിച്ചുവെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

കോതമംഗലത്ത് യുവതിയെ വെടിവെച്ചുകൊന്ന് യുവാവ് സ്വയം വെടിവെച്ചുമരിച്ച സംഭവത്തിൽ വെടിവെപ്പ് നടന്ന മുറിക്കകത്ത് ചുമരിൽ തറച്ചനിലയിൽ ഒരു വെടിയുണ്ട ഫൊറൻസിക് സംഘം കണ്ടെത്തി. ഇതോടെ, മാനസയ്ക്കുനേരെ പ്രതി രാഖിൽ വെടിയുതിർത്തത് മൂന്നുതവണയെന്നു വ്യക്തമായി.

രണ്ടുവെടിയുണ്ടകൾ മാനസയുടെ ശരീരത്തിൽ പതിച്ചിരുന്നു. ഒന്ന് ഉന്നംതെറ്റി പതിച്ചതാകാമെന്നുകരുതുന്നു. ഇൻക്വസ്റ്റ് നടപടികൾക്കിടയിൽ രാഖിലിന്റെ പോക്കറ്റിൽനിന്ന് അഞ്ചു വെടിയുണ്ടകൾകൂടി കണ്ടെടുത്തു.13 ബുള്ളറ്റ് ലോഡ് ചെയ്യാവുന്ന തോക്കായിരുന്നു ഇത്. 7.62 എം.എം. പിസ്റ്റളാണ് ഇതിനുപയോഗിച്ചത്. ഒരു ബുള്ളറ്റ് സ്വയം ജീവനൊടുക്കാനും ഉപയോഗിച്ചു. തൊട്ടടുത്തുനിന്നാണ് രാഖിൽ നിറയൊഴിച്ചതെന്നും വ്യക്തമായി. തോക്കിൽ ഏഴ് ഉണ്ടകൾ നിറച്ചിരുന്നു. മൂന്നെണ്ണം തോക്കിൽ അവശേഷിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിതന്നെ പോലീസ് തോക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വിദഗ്‌ധപരിശോധനയ്ക്ക് ബെംഗളൂരുവിലേക്ക്‌ അയക്കും.

കൂടുതൽ അന്വേഷണത്തിന് റൂറൽ എസ്.പി. കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. കോതമംഗലം എസ്‌.ഐ. മാർട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പുലർച്ചയോടെ കണ്ണൂരിലെത്തി. മേലൂരിലെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. സംഭവത്തിനു ദൃക്സാക്ഷികളായ സഹപാഠികളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. മാനസയുടെ മൊബൈൽ ഫോൺ പരിശോധിച്ചുവരുകയാണ്.

കണ്ണൂരിലെത്തിയ സംഘം കളക്ടറേറ്റിൽനിന്ന്‌ തോക്കിന്റെ ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. മാനസയുമായുള്ള പ്രണയബന്ധം തകർന്നതിലുള്ള മനോവിഷമമാണ് രാഖിലിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന ആദ്യ മൊഴികൾ.

കൊലപാതകത്തിനുമുമ്പ് രാഖിൽ എട്ടുദിവസത്തോളം കേരളത്തിനുപുറത്ത് തങ്ങിയതായി വിവരമുണ്ട്. ഇതിനാൽ തോക്ക് തേടിയുള്ള അന്വേഷണം സംസ്ഥാനത്തിനുപുറത്തേക്കും വ്യാപിപ്പിക്കും. രാഖിലിന്റെ സമീപകാല യാത്രകളും ഫോൺരേഖകളും സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരുന്നു.

ഒരുമാസത്തോളമായി രാഖിൽ നെല്ലിക്കുഴിയിലാണ് തങ്ങിയിരുന്നത്. കൊലപാതകവുമായി നേരിട്ടുബന്ധമുള്ള മറ്റാരുമില്ലെന്നാണ് ഇതുവരെ പോലീസിനു ലഭിക്കുന്ന വിവരം.

രാഖിൽ തോക്ക് വാങ്ങിയത് കാർ വിറ്റ പണംകൊണ്ടെന്ന് സംശയം. പുതുതായി വാങ്ങിയ കാർ വിറ്റതായി ചിലരോട് പറഞ്ഞിരുന്നു. കഴിഞ്ഞതവണ രാഖിൽ വീട്ടിൽ വന്നപ്പോൾ അധികം സംസാരിച്ചിരുന്നില്ല. അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നതിനാൽ വീട്ടുകാരും കൂടുതലൊന്നും അന്വേഷിച്ചിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker