തിക്കോടിയില്‍ യുവതിയെ തീ കൊളുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു
കോഴിക്കോട് : തിക്കോടിയില്‍ യുവതിയെ തീ കൊളുത്തിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു.
പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ തിക്കോടി പള്ളിത്താഴം സ്വദേശി നന്ദകുമാര്‍ (30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് പുലര്‍ച്ചെ രണ്ടു മണിക്കാണ് മരിച്ചത്.
ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവതി ഇന്നലെ വൈകീട്ട് മരിച്ചിരുന്നു. തിക്കോടി പഞ്ചായത്തിലെ താല്‍കാലിക ജീവനക്കാരി കൃഷ്ണപ്രിയ (23) ആണ് മരിച്ചത്.
കൃഷ്ണപ്രിയയും നന്ദകുമാറും നാലു വർഷത്തിലേറെയായി സൗഹൃദത്തിലായിരുന്നുവെങ്കിലും ഏതാനും ദിവസം മുൻപ് പിണങ്ങിപ്പിരിഞ്ഞിരുന്നു. തിക്കോടി പഞ്ചായത്ത് ഓഫിസിലെ പ്ലാനിങ് വിഭാഗത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവിൽ താൽക്കാലിക ജീവനക്കാരിയായി അഞ്ചു ദിവസം മുൻപാണു കൃഷ്ണപ്രിയ ജോലിക്കു ചേർന്നത്.
ഇന്നലെ രാവിലെ 10 മണിയോടെ കൃഷ്ണപ്രിയ ജോലിക്കു വരുന്ന വഴി പഞ്ചായത്ത് ഓഫിസിനു മുൻപിലെ റോഡരികിൽ നന്ദകുമാറുമായി വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ നന്ദകുമാർ കയ്യിലുണ്ടായിരുന്ന ബോട്ടിലിലെ പെട്രോൾ കൃഷ്ണപ്രിയയുടെ ദേഹത്തും തുടർന്ന് സ്വന്തം ദേഹത്തും ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും വൈകിട്ട് നാലു മണിയോടെ കൃഷ്ണപ്രിയ മരിച്ചു.
90 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണു കൃഷ്ണപ്രിയയെ ആശുപത്രിയിലെത്തിച്ചതെങ്കിലും ബോധം പൂർണമായി നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ സംസാരിക്കുന്നുണ്ടായിരുന്നു. തീകൊളുത്തും മുൻപ് നന്ദു (നന്ദകുമാർ) തന്നെ കുത്തിപ്പരുക്കേൽപിച്ചതായി ആശുപത്രിയിൽ വച്ചാണു കൃഷ്ണപ്രിയ മൊഴി നൽകിയത്. കൃഷ്ണപ്രിയയുടെ അമ്മ: സുജാത (ലൈബ്രേറിയൻ, കൈരളി ഗ്രന്ഥാലയം തിക്കോടി). സഹോദരൻ: യദു കൃഷ്ണ.