ഓര്‍ഡര്‍ ചെയ്തത് മൗത്ത് വാഷ്, ലഭിച്ചത് റെഡ്മി നോട്ട് 10! ഞെട്ടല്‍ മാറാതെ യുവാവ്
മുംബൈ: ഓണ്‍ലൈനില്‍ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്ന് വഞ്ചിതരാകപ്പെട്ട പലരെക്കുറിച്ചുള്ള വാര്‍ത്തകളും നമ്മള്‍ കേട്ടിട്ടുണ്ട്. ഐഫോണ്‍ ബുക്ക് ചെയ്തിട്ട് സോപ്പ് കട്ട കിട്ടിയ സംഭവവും അടുത്തിടെ വാര്‍ത്തയായിരുന്നു. എന്നാലിപ്പോള്‍ ഓര്‍ഡര്‍ ചെയ്ത സാധനമല്ല കൈയ്യില്‍ കിട്ടിയതെങ്കിലും കിട്ടിയ സാധനത്തിന്റെ മൂല്യം കൊണ്ട് തന്നെ ആകെ ഞെട്ടിയിരിക്കുകയാണ് മുംബൈ സ്വദേശിയായ ലോകേഷ് ദാഗ.
പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണിലൂടെ കോള്‍ഗേറ്റിന്റെ മൗത്ത് വാഷാണ് ലോകേഷ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഇദ്ദേഹത്തിന് കിട്ടിയതാവട്ടെ 11,999 രൂപ വിലയുള്ള ഷഓമിയുടെ റെഡ്മി നോട്ട് 10 ആയിരുന്നു. താന്‍ ഓര്‍ഡര്‍ ചെയ്യാത്ത ഫോണ്‍ തനിക്ക് വേണ്ട എന്ന തീരുമാനത്താല്‍ അത് തിരികെ കൊടുക്കാന്‍ ലോകേഷ് തീരുമാനിച്ചു.
എന്നാല്‍ മൗത്ത് വാഷ് നിത്യോപയോഗ വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ റിട്ടേണ്‍ ചെയ്യാനുള്ള ഓപ്ഷന്‍ ഇല്ലായിരുന്നു. തുടര്‍ന്ന് ലോകേഷ് തനിക്ക് ലഭിച്ച ഫോണിന്റെ ചിത്രം ട്വിറ്ററില്‍ ആമസോണിനെ ടാഗ് ചെയ്ത് പോസ്റ്റിട്ടു. ഓര്‍ഡര്‍ ഐ.ഡിയും, ഫോണ്‍ ഓര്‍ഡര്‍ ചെയ്ത ഹൈദരാബാദിലെ സ്ത്രീയുടെ ബില്ലിംഗ് അഡ്രസും ട്വീറ്റില്‍ വെച്ചു.
ലോകേഷ് ദാഗയുടെ ട്വീറ്റ് വൈറലായതോടെ റെഡ്മി ഇന്ത്യ തന്നെ പ്രതികരണവുമായെത്തി. ഈ ലോക്ക് ഡൗണ്‍ കാലത്ത് മൗത്ത് വാഷ് ഇല്ലാതെയും നിങ്ങള്‍ക്ക് ഒരു ദിവസം തള്ളി നീക്കാം. എന്നാല്‍, റെഡ്മി നോട്ട് 10 ഇല്ലാതെ ഒരു ദിവസം മുന്നോട്ട് പോകാന്‍ കഴിയുമോ? എന്നായിരുന്നു ഷഓമി ട്വീറ്റ് ചെയ്തത്.