കോട്ടയം: കോട്ടയത്ത് തോക്ക് ശേഖരവുമായി അറസ്റ്റിലായ ആള് ബി.ജെ.പി സ്ഥാനാര്‍ത്ഥി. തോക്ക് ശേഖരവുമായി അറസ്റ്റിലായ ബി.ജെ.പി പ്രദേശിക നേതാവ് പള്ളിക്കത്തോട് പഞ്ചായത്തിലെ 12-ാം വാര്‍ഡിലേക്കാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഇയാള്‍ ഉള്‍പ്പെടെ അഞ്ച് പേര് തോക്ക് ശേഖരവുമായി പിടിയിലായത്. പത്ത് തോക്കുകളും വെടിയുണ്ടകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. റിമാന്‍ഡിലായ വിജയന് ഇപ്പോള്‍ ഈ കേസില്‍ ജാമ്യത്തിലാണ്. വെല്‍ഡിംഗ് കടയില്‍ തോക്കിന്റെ ഭാഗങ്ങള്‍ വെല്‍ഡ് ചെയ്യാന്‍ ഒരാള്‍ എത്തിയിട്ടുണ്ടെന്ന വിവരത്തിന്െ്റ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വിജയന് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
തോക്കിന്റെ വിവിധ ഭാഗങ്ങള്‍, വെടിയുണ്ടകള്‍, വെടിമരുന്ന്, തോക്കിന്റെ ബാരലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുഴല്‍, പിടി തുടങ്ങിയവയാണ് പോലീസ് അന്ന് പിടിച്ചെടുത്തത്. കൊമ്പിലാക്കല്‍ ബിനേഷ് കുമാര്‍, രതീഷ് ചന്ദ്രന്, ആനിക്കാട് രാജന്, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ് കുമാര്‍ എന്നിവരാണ് വിജയനൊപ്പം പിടിയിലായ മറ്റ് പ്രതികള്‍. ഇവര്‍ക്കെതിരെ കസ്റ്റംസ് ആക്ട്, അനധികൃതമായി ആയുധ നിര്‍മ്മാണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
അതേസമയം കേസന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു. പ്രധാന പ്രതികളുടെ മൊഴി രേഖപ്പെടുത്താതിരുന്ന പോലീസ്, ഇവരില്‍ നിന്ന് തോക്ക് വാങ്ങിയ പ്രമുഖരിലേക്ക് എത്താതെ അന്വേഷണം അവസാനിപ്പിച്ചുവെന്നും ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.