InternationalNewsTop StoriesTrending

കാമുകിയുടെ അമ്മയ്ക്ക് വൃക്ക ദാനം ചെയ്തു;ഒടുവില്‍ കാമുകി മറ്റൊരാളെ വിവാഹം കഴിച്ചു,തേപ്പുകഥ വൈറല്‍

പ്രണയം (Love) മനുഷ്യനെ അന്ധനാക്കും എന്നാണല്ലോ പഴമക്കാർ പറയാറുള്ളത്. സ്‌നേഹിക്കുന്ന സമയത്ത് പങ്കാളിക്ക് വേണ്ടി നാം എന്തും ചെയ്യാൻ തയ്യാറാകും. പ്രണയിനിക്ക് വേണ്ടി സ്വന്തം വൃക്ക (Kidney) ദാനം ചെയ്ത ശേഷം അവർ പ്രണയത്തിൽ നിന്ന് പിൻവാങ്ങിയാലോ? തികച്ചും ദൗർഭാഗ്യകരമായ ഈ അവസ്ഥ ജീവിതത്തിൽ നേരിടേണ്ടി വന്നിരിക്കുകയാണ് മെക്സിക്കോക്കാരനായ ഉസിയേൽ മാർട്ടിനെസ് (Uziel Martinez) എന്ന വ്യക്തിയ്ക്ക്. സ്വന്തം വൃക്കയും പ്രണയിനിയും നഷ്ട്ടപ്പെട്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ.

പ്രണയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് കാമുകിയുടെ അമ്മയ്ക്ക് വേണ്ടിയാണ് ഉസിയേൽ വൃക്ക ദാനം ചെയ്തത്. എന്നാൽ പിന്നീട് കാമുകി ബന്ധം വേർപിരിയുകയും മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. വൃക്ക അമ്മയ്ക്ക് ദാനം ചെയ്തതിന് ശേഷം ഒരു മാസത്തിനുള്ളിൽ കാമുകി ഉസിയേലിനെ ഉപേക്ഷിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ഉസിയേൽ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

മെക്സിക്കോയിലെ ബജ കാലിഫോർണിയയിൽ നിന്നുള്ള അധ്യാപകനാണ് ഉസിയേൽ മാർട്ടിനെസ്. ടിക് ടോക് വീഡിയോയിലൂടെയാണ് ഉസിയേൽ തന്റെ അനുഭവം പങ്കുവെച്ചത്. താൻ കാമുകിയുടെ അമ്മയ്ക്ക് സ്വന്തം വൃക്ക ദാനം ചെയ്തപ്പോൾ അവർ മറ്റൊരാളെ വിവാഹം കഴിക്കുകയാണ് ചെയ്തതെന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പായി സ്പാനിഷ് ഭാഷയിൽ അദ്ദേഹം കുറിച്ചു. ഇതുവരെ 16 ദശലക്ഷത്തിലധികം ആളുകളാണ് ഈ ടിക് ടോക് വീഡിയോ കണ്ടിരിക്കുന്നത്.

വീഡിയോയുടെ താഴെ അദ്ദേഹത്തെ സമാധാനിപ്പിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തത്. ആ പെൺകുട്ടിക്ക് ഒരു നല്ല വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നും തളരാതെ മുന്നോട്ട് പോകണമെന്നും അദ്ദേഹത്തെ നന്നായി പിന്തുണക്കുന്ന ഒരു പങ്കാളിയെ ഭാവിയിൽ ലഭിക്കുമെന്നും ആളുകൾ കമന്റുകളിലൂടെ പറയുന്നു. എന്നാൽ വേർപിരിഞ്ഞിട്ടും താനും മുൻ കാമുകിയും ഇപ്പോഴും നല്ല ബന്ധത്തിലാണെന്ന് ഉസിയേൽ പറഞ്ഞു. തനിക്ക് അവളോട് ദേഷ്യമൊന്നുമില്ലെന്നും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നല്ല സുഹൃദ്ബന്ധം തുടരുന്നുവെന്ന് പറയാൻ കഴിയില്ലെങ്കിലും മുൻ കാമുകിയെ വെറുക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ നിരവധി അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആളുകൾ പങ്കുവയ്ക്കാറുണ്ട്. അവരുടെ വിഷമങ്ങൾക്ക് ജനങ്ങളിൽ നിന്ന് നല്ല രീതിയിലുള്ള പിന്തുണയും ലഭിക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ ലോകത്ത് എവിടെ നടന്നാലും തൽക്ഷണം അത് സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുകയും ലോകം മുഴുവൻ പ്രചരിക്കുകയും ചെയ്യും. എന്തായാലും പ്രണയത്തിന്റെ പേരിൽ സ്വന്തം അവയവം ദാനം ചെയ്തിട്ടും അയാളെ ചതിച്ച് മറ്റൊരാളെ വിവാഹം കഴിച്ച സംഭവത്തിൽ എല്ലാവരും ഉസിയേലിനെ പിന്തുണച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ കാണിക്കരുതെന്ന് അദ്ദേഹം മറ്റുള്ളവരെ ഉപദേശിക്കുന്നുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News
Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker