മുംബൈ ലോക്കല്‍ ട്രെയിനില്‍ കയറുന്നതിന് മുമ്പ് തൊട്ടുവണങ്ങുന്ന യുവാവ്! ചിത്രം വൈറല്‍
മുംബൈ: മുംബൈ ലോക്കല്‍ ട്രെയിനില്‍ കയറുന്നതിന് മുമ്പായി വാതില്‍പ്പടിയില്‍ തൊട്ടുവണങ്ങുന്ന യുവാവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം തിങ്കളാഴ്ച മുതലാണ് മുംബൈയിലെ ലോക്കല്‍ ട്രെയിനുകള്‍ എല്ലാ യാത്രക്കാര്‍ക്കുമായി റെയില്‍വേ തുറന്ന് നല്‍കിയത്. ലോക്കല്‍ ട്രെയിന്‍ ഓടിത്തുടങ്ങിയതിന്റെ സന്തോഷത്തിലാണ് മുംബൈ നിവാസികളും.
ട്രെയിനില്‍ കയറുന്നതിന് മുമ്പായാണ് യുവാവ് വാതില്‍പ്പടിയില്‍ തൊട്ടുവണങ്ങിയത്. ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് ഫോട്ടോ പകര്‍ത്തിയത്. ‘ഹൃദയത്തില്‍ തൊട്ട ചിത്രം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചത്.
നിരവധി പേരാണ് ചിത്രം റീ ട്വീറ്റ് ചെയ്യുന്നത്. ഒരു യഥാര്‍ത്ഥ മുംബൈ നിവാസിക്ക് മാത്രമേ ഇതിന്റെ പ്രാധാന്യം മനസിലാക്കുകയുള്ളൂയെന്നാണ് ഒരാള്‍ ചിത്രത്തോട് പ്രതികരിക്കുന്നു. മുംബൈയില്‍ സബര്‍ബന്‍ ട്രെയിനുകളില്‍ തിങ്കളാഴ്ച മുതലാണ് രാവിലേയും വൈകിട്ടും തിരക്കേറിയ വേളയൊഴികെ മറ്റ് സമയങ്ങളില്‍ പൊതുജനത്തിന് യാത്ര അനുവദിച്ചത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 23 മുതലാണ് ലോക്കല്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചത്.