CrimeNationalNews

പേരമകളെ പീഡിപ്പിച്ചെന്ന കേസിൽ 60-കാരനെ വെറുതെവിട്ടു; ജയിലിൽ കഴിഞ്ഞത് അഞ്ചുവർഷം

മുംബൈ: പേരമകളായ 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അറുപതുകാരനെ കോടതി വെറുതെവിട്ടു. ഡി.എന്‍.എ. പരിശോധനഫലത്തില്‍ അതിജീവിത ജന്മം നല്‍കിയ കുഞ്ഞ് പ്രതിയുടേതല്ലെന്ന് തെളിഞ്ഞതോടെയാണ് പ്രത്യേക പോക്‌സോ കോടതി അറുപതുകാരനെ കേസില്‍നിന്ന് കുറ്റവിമുക്തനാക്കിയത്. പരാതിക്കാരി ആദ്യം കുറ്റം ആരോപിച്ചിരുന്ന മറ്റൊരാളുടെ ഡി.എന്‍.എ. പരിശോധനഫലവും നെഗറ്റീവാണ്.

അതിജീവിത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരാളുമായി അവര്‍ ശാരീരികബന്ധം പുലര്‍ത്തിയിരുന്നതായി കോടതി പറഞ്ഞു. അതിനാല്‍ കേസില്‍ അതിജീവിത നല്‍കിയ മൊഴികള്‍ വിശ്വസീനയമല്ലെന്നും അവര്‍ നല്‍കിയ തെളിവുകള്‍ കേസിലെ മറ്റുതെളിവുകളുമായി പൊരുത്തപ്പെടുന്നതല്ലെന്നും കോടതി വിലയിരുത്തി.

അറുപതുകാരനായ മുത്തച്ഛന്‍ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ശാരീരികമായി ഉപദ്രവിച്ചെന്നുമായിരുന്നു 17-കാരിയുടെ ആരോപണം. 2018 ജൂണ്‍ 21-ന് പെണ്‍കുട്ടി ബോധരഹിതയായി വീണതോടെയാണ് സംഭവങ്ങളുടെ തുടക്കം. ബോധരഹിതയായ പെണ്‍കുട്ടിയെ മുത്തച്ഛന്‍ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് 2018 ജൂണ്‍ 22-ന് 17-കാരി പെണ്‍കുഞ്ഞിന് ജന്മംനല്‍കി.

പ്രദേശവാസിയായ ആണ്‍കുട്ടിയാണ് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്നായിരുന്നു പെണ്‍കുട്ടിയുടെ ആദ്യമൊഴി. എന്നാല്‍, 2018 ജൂലായ് പത്താം തീയതി പെണ്‍കുട്ടി മൊഴി മാറ്റി. ലൈംഗികമായി പീഡിപ്പിച്ചത് മുത്തച്ഛനാണെന്നും സംഭവം പുറത്തുപറയരുതെന്ന് ഇദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നതായുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. സിഗരറ്റ് കൊണ്ട് സ്വകാര്യഭാഗങ്ങളിലടക്കം പൊള്ളലേല്‍പ്പിച്ചിരുന്നതായും വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ 2018 ജൂലായ് 12-നാണ് മുത്തച്ഛനെ പോലീസ് അറസ്റ്റ് ചെയ്തത്.

കേസിന്റെ വിചാരണയില്‍ ഡി.എന്‍.എ. പരിശോധനാഫലത്തിന് പുറമേ പ്രോസിക്യൂഷന്റെ മറ്റുചില വീഴ്ചകളും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പെണ്‍കുട്ടി ആദ്യമായി ഡോക്ടറെ കാണാനെത്തിയപ്പോള്‍ 18 വയസ്സാണെന്നാണ് ഡോക്ടറോട് പറഞ്ഞിരുന്നത്.

എന്നാല്‍, ആ സമയത്ത് പെണ്‍കുട്ടിയുടെ പ്രായം 18-ന് താഴെയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല, ഏതാനുംദിവസങ്ങള്‍ പെണ്‍കുട്ടി വീട്ടില്‍നിന്ന് മാറിനിന്നിരുന്നതും കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ സമയത്തും മുത്തച്ഛനില്‍നിന്ന് നേരിട്ട ഉപദ്രവം സംബന്ധിച്ച് പെണ്‍കുട്ടി പോലീസിനെ സമീപിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker