EntertainmentKeralaNews

അർദ്ധരാത്രിയിൽ മമ്മൂട്ടി കണ്ട കാഴ്ച! ചേതനയറ്റ ആ ശരീരം,തങ്ങാനാകാതെ താരം,വിങ്ങലോടെ ആ വാക്കുകൾ

തിരുവനന്തപുരം:കൊവിഡ് കാലത്ത് നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണ് താരത്തിന്റെ വിയോഗം ഞെട്ടലോടെയാണ് പ്രേക്ഷകരും സിനിമാ ലോകവും കേട്ടത്. ഇന്നലെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ആശുപത്രിയിലുണ്ടായിരുന്നു

ഇന്നലെ വൈകുന്നേരം അദ്ദേഹത്തത്തിന്റെ ഏറ്റവും പ്രിയപ്പെട്ട തിരുവനന്തപുരം വട്ടിയൂർക്കാവിലെ വീട്ടിലേക്കായിരുന്നു മൃതദേഹം എത്തിച്ചത്. ആദരാഞ്ജലികൾ അർപ്പിക്കാൻ മലയാള സിനിമയിലെ ചെറുതും വലുതുമായ നിരവധി പേരാണ് എത്തിയത്.

രാഷ്ട്രീയ പ്രവർത്തകരും, സിനിമ താരങ്ങളും നാട്ടുകാരും ഓരോ നിമിഷവും എത്തിക്കൊണ്ടിരുന്നു. നടനെ അവസാനമായി ഒരുനോക്ക് കാണാൻ മമ്മൂട്ടിയും എത്തിയിരുന്നു. രാത്രി പതിനൊന്ന് മണിക്കാണ് മമ്മൂട്ടി എത്തിയത്. നാല് പതിറ്റാണ്ടോളം തങ്ങൾക്ക് ഒപ്പം തന്നെ മലയാള സിനിമാലോകത്ത് സജീവമായിരിക്കുകയൂം ചേട്ടനെയും അച്ഛനായും സഹനടനയുമെല്ലാം അഭിനയിച്ചിട്ടുള്ള നെടുമുടിവേണുവിന് ആദാരാഞ്ജലികൾ അർപ്പിച്ചു.

നെടുമുടി വേണുവിനെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ ഹൃദയസ്പര്‍ശിയായ ഓര്‍മ്മക്കുറിപ്പും മമ്മൂട്ടി പങ്കുവെച്ചിരുന്നു . തന്നെ ഓര്‍ക്കുകയും അനിയനെപ്പോലെ കരുതിക്കൊണ്ട് നടക്കുകയും ചെയ്തിരുന്ന ജേഷ്ഠനാണ്, വഴികാട്ടിയായ സുഹൃത്താണ്, ശാസിച്ച അമ്മാവനാണ്, ഒരുപാട് സ്‌നേഹിച്ച അച്ഛനാണ് അതിനപ്പുറം വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാകാത്ത എന്തൊക്കെയോ ആണ് നെടുമുടി വേണുവെന്ന് മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു

കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്. എണ്‍പത്തൊന്നിലാണത്. അത് ദീര്‍ഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, മദ്രാസില്‍ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം .പിന്നെ വുഡ്‌ലാന്റ് സ് ഹോട്ടലിലേക്ക്. അതിനു ശേഷം വുഡ്‌ലാന്‍സിന്റെ കോട്ടജിലേക്ക് . എണ്‍പത്തഞ്ചു വരെ ഈ സഹവാസം തുടര്‍ന്നു .അദ്ദേഹവുമായിട്ടുള്ള സൗഹൃദത്തില്‍ നിന്ന് എനിക്ക് ഒരു പാട് അനുഭവങ്ങള്‍ ഓര്‍ക്കാനുണ്ട്. പുതിയ കാഴ്ചകളിലേക്ക്, അറിവുകളിലേക്ക്, ലോകങ്ങളിലേക്ക് എനിക്ക് വാതില്‍ തുറന്നു തന്നത് വേണുവാണ്.

മദിരാശിയിലെ താമസക്കാലമായിരുന്നു ഏറ്റവും ഊഷ്മളമായ കാലമെന്ന് ഞാനോര്‍ക്കാറുണ്ട്, എനിക്കങ്ങനെ തോന്നാറുണ്ട്. ഒരു പാട് സിനിമകള്‍ അക്കാലത്ത് മദ്രാസില്‍ തുടര്‍ച്ചയായി ഉണ്ടായിരുന്നു. 83, 84 കാലത്ത് മാസക്കണക്കിന് ഒരേ മുറിയില്‍ ഞങ്ങള്‍ ഒരുമിച്ചു തുടര്‍ച്ചയായി താമസിച്ചിട്ടുണ്ട്. അക്കാലത്ത് രണ്ടാം ഞായറാഴ്ചയാണ് ഒരവധി കിട്ടുക മദ്രാസിലെ ഷൂട്ടിംഗില്‍. എന്നാല്‍ നാട്ടിലേക്കു പോവാന്‍ പറ്റില്ല. ഒരു പകല്‍ മാത്രമാണ് അവധി. ആ ദിവസം ഒരു സൈക്കിള്‍ റിക്ഷക്കാരനെ ദിവസ വാടകയ്ക്ക് വിളിച്ച് രാവിലെ ഞങ്ങള്‍ ഇറങ്ങും. ചെറിയ ഷോപ്പിങ്ങുകള്‍, ഒരു മലയാളി ഹോട്ടലില്‍ നിന്ന് കേരള വിഭവങ്ങള്‍ കൂട്ടി മൂക്കുമുട്ടെ ഭക്ഷണം. പിന്നെ മാറ്റിനിയും സെക്കന്റ് ഷോയും കഴിഞ്ഞേ മുറിയില്‍ തിരിച്ചെത്തു. ഇന്നതോര്‍ക്കുമ്പോള്‍ എനിക്കു തന്നെ അത്ഭുതം തോന്നാറുണ്ട്. അന്ന് ഞങ്ങള്‍ രണ്ടു പേരും അറിയപ്പെടുന്ന നടന്മാരാണ്. നാട്ടിലാണെങ്കില്‍ അങ്ങനെ ഒരു സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയ്യാന്‍ പറ്റില്ല. പക്ഷെ, മദ്രാസില്‍ അവിടവിടെ കണ്ടുമുട്ടുന്ന മലയാളികളൊഴികെ ആരും കാര്യമായി ഞങ്ങളെ അറിയുന്നവരില്ല. സുഖമായി സൈക്കിള്‍ റിക്ഷയില്‍ നഗരം ചുറ്റാം.
ഒരു മുറിയിലാണ് ഞങ്ങള്‍ അന്ന് താമസിച്ചിരുന്നതെങ്കിലും പരസ്പരം കാണാത്ത ദിവസങ്ങള്‍ വളരെ ഉണ്ടാവും. ഉറക്കത്തിലും ഷൂട്ടിങ്ങിലും പെട്ടു പോവുന്ന കാരണമാണത്

എന്നെ പുലര്‍ച്ചെ വിളിച്ചുണര്‍ത്താന്‍ വന്ന ഒരു പ്രൊഡക്ഷന്‍ മാനേജരെ വേണു ഒരിക്കല്‍ ചീത്ത പറഞ്ഞു. രണ്ടു മൂന്നു സിനിമകളില്‍ ഒരേ സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന കാലമാണ്. എന്നെ വിളിക്കാന്‍ വന്ന പ്രൊഡക്ഷന്‍ മാനേജര്‍ക്ക് തലേ ദിവസം ഞാന്‍ രാത്രി മുഴുവനും സെറ്റിലായിരുവെന്ന് അറിയാല്ലായിരുന്നു. ഞാന്‍ വന്ന് കിടന്നിട്ടേ ഉണ്ടായിരുന്നുള്ളൂ. ആ പ്രൊഡക്ഷന്‍ മാനേജര്‍ വളരെ വിഷമത്തോടെ എന്നോട് വേണുവിനെപ്പറ്റി പരാതി പറഞ്ഞു.

ഉച്ചക്ക് ബ്രേക് സമയത്ത് ഭക്ഷണം കഴിച്ച് ചിലപ്പോള്‍ കിട്ടിയ സ്ഥലത്ത് ന്യൂസ് പേപ്പറോ മറ്റോ വിരിച്ച് കിടക്കും. അല്‍പം കഴിഞ്ഞ് അവിടെവെയിലു വന്നെന്നിരിക്കും. വേണു എന്നെയെടുത്ത് തണലിലേക്ക് കിടത്തിയിട്ടുണ്ട് പലപ്പോഴും.

ഒരു ദിവസം ഉച്ചനേരത്ത് കിടക്കാന്‍ കിട്ടിയത് ഒരു പാറയുടെ മുകള്‍ ഭാഗമായിരുന്നു. ഉണര്‍ന്നപ്പോള്‍ ഞാന്‍ ഒരു കാറിന്റെ പിന്‍സീറ്റിലാണ് കിടക്കുന്നത്. എന്നെ എടുത്ത് അങ്ങോട്ട് കാറിലേക്ക് കിടത്തിയത് വേണുവായിരുന്നു. അന്ന് എന്നെ പൊക്കിയെടുക്കാനുള്ള ആരോഗ്യം വേണുവിനുണ്ട്. ഞാനന്ന് ഇത്രയൊന്നും ഭാരവുമില്ല.

എന്റെ കുട്ടൂകാരനായി
ചേട്ടനായി
അച്ഛനായി
അമ്മാവനായി
അങ്ങനെ ഒരു പാടു കഥാപാത്രങ്ങള്‍ അദ്ദേഹം ചെയ്തിട്ടുണ്ട്. ആ കഥാപാത്രങ്ങളുടെ അപ്പുറത്തേക്ക് എനിക്കദ്ദേഹം എല്ലാമെല്ലാമായിരുന്നു.
കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധം ഞങ്ങളുടെ സ്വന്തം ജീവിതത്തിലേക്കും ബാധിച്ച പോലതോന്നിയിട്ടുണ്ടെനിക്ക്.

അതിനപ്പുറത്ത് എനിക്കു വാക്കുകള്‍ കൊണ്ട് വിശദീകരിക്കാനാവാത്ത എന്താെക്കെയോ ആണ്.
ഞാനതിനു മുതിരുന്നില്ല.
എനിക്കാവില്ല അതിന്.
അതിനാല്‍ എനിക്ക് വിട പറയാനാവില്ല. എന്നും എന്റെ മനസ്സില്‍ വേണു ഉണ്ട്, ഉണ്ടാവും.ഓരോ മലയാളിയുടെ മനസ്സിലും ആ മഹാപ്രതിഭ മങ്ങാത്ത നക്ഷത്രമായി ജ്വലിച്ച് നില്‍ക്കും.
ഞാന്‍ കണ്ണടച്ച് കൈകള്‍ കൂപ്പട്ടെ… ഇങ്ങനെയായിരുന്നു കുറിപ്പ് അവസാനിച്ചത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker