മാമാങ്കം ഇന്റര്‍നെറ്റില്‍; ഷെയര്‍ ചെയ്യുന്നവര്‍ കുടുങ്ങും
മൂന്നുദിവസം മുമ്പ് റിലീസ് ചെയ്ത മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തിയ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ വ്യാജ പതിപ്പ് പുറത്ത്. ഇന്റര്‍നെറ്റിലൂടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ബിഗ് ബജറ്റ് ചിത്രമായതിനാല്‍ നേരത്തെ തന്നെ വ്യാജന്മാരെ തടയാനുള്ള മുന്‍കരുതലുകള്‍ അണിയറ പ്രവര്‍ത്തകര്‍ എടുത്തിരുന്നു. അതിനെയെല്ലാം മറികടന്നാണ് ഇപ്പോള്‍ ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ടോറന്റില്‍ ചിത്രം ലഭ്യമായി തുടങ്ങി.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. ഒറ്റ ദിവസം കൊണ്ട് തന്നെ ലോകവ്യാപകമായി ഏകദേശം 23 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടാനായെന്ന് സിനിമയുടെ നിര്‍മാതാവ് വേണു കുന്നപ്പിള്ളി അവകാശപ്പെട്ടിരുന്നു. 45 രാജ്യങ്ങളിലായി 2000 സ്‌ക്രീനുകളിലായാണ് മാമാങ്കം റിലീസ് ചെയ്തത്. മാമാങ്കത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് മനോജ് പിള്ളയാണ്. ശ്യാം കൗശലാണ് ചിത്രത്തിന്റെ സംഘട്ടനം. കനിഹ, സിദ്ധിഖ്, പ്രാചി തെഹ്ലാന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര, സുദേവ് നായര്‍, തരുണ്‍ അറോറ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി വന്‍ താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.