NationalNews

സുപ്രീംകോടതി വിധിയെ മറികടക്കും,ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള ബില്ലിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി: ഡൽഹി സർക്കാരിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഡൽഹി സംസ്ഥാന സർക്കാരിന് അനുകൂലമായ സുപ്രീം കോടതി വിധി മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിനുപകരമാണു ബിൽ കൊണ്ടുവരുന്നത്. 

വർഷകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ബിജെപി നീക്കം. എന്നാണ് ബിൽ അവതരിപ്പിക്കുക എന്ന കാര്യം വ്യക്തമല്ല. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനത്തിനും നിയന്ത്രണത്തിനും കേന്ദ്രസർക്കാരിന് അധികാരം നൽകുന്ന ഈ ബില്ലിനെ എതിർക്കുമെന്നു പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി സർക്കാരിനെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എഎപി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയും എഎപി നേടി. 

ഡൽഹി സർക്കാരിനു കീഴിലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിയമനം, സ്ഥലംമാറ്റം എന്നിവയ്ക്കു പ്രത്യേക അതോറിറ്റി രൂപീകരിക്കാനാണു കേന്ദ്രം മേയ് 19നു പ്രത്യേക ഓർഡിനൻസ് (ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി (അമെൻഡ്മെന്റ്) ഓർഡിനൻസ് 2023) കൊണ്ടുവന്നത്. പുതുതായി രൂപീകരിച്ച നാഷനൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റിയിൽ മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് അംഗങ്ങൾ.

ഡൽഹി സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണെന്നും ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിടി) ക്രമസമാധാനം, പൊലീസ്, ഭൂമി എന്നിവ ഒഴികെയുള്ള സേവനങ്ങൾ സർക്കാരിന്റെ അധികാരപരിധിയിലാണെന്നും സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് ഓർഡിനൻസ് കൊണ്ടുവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker