KeralaNewsNews

എച്ച്’ എടുക്കൽ ഈസിയാക്കാന്‍ ആശാന്‍റെ കുറുക്കുവഴി;കയ്യോടെ പിടിച്ച് എം.വി.ഡി

കൊച്ചി:‘വണ്ടി പിറകോട്ടെടുക്കുമ്പോള്‍ ഇടതുവശത്തെ അടയാളം നോക്കണം, വലത്തോട്ട് തിരിക്കുമ്പോള്‍ റിബണിലെ ഭാഗം കാണുന്നുണ്ടോ എന്ന് നോക്കണം, ഇതു കൃത്യമായി കണ്ടാല്‍ ഉടന്‍ സ്റ്റിയറിങ് തിരിക്കണം” കാറില്‍ ‘എച്ച്’ എടുക്കുന്ന പഠിതാക്കള്‍ക്ക് ഡ്രൈവിങ് സ്‌കൂള്‍ ‘ആശാന്റെ’ ഫോണിലൂടെയുള്ള ലൈവ് നിര്‍ദേശങ്ങളാണിത്.

പരിശീലനത്തിനിടെയാണെന്നു തെറ്റിദ്ധരിക്കേണ്ട, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഗ്രൗണ്ടില്‍ ഫോര്‍ വീലര്‍ ലൈസന്‍സ് ടെസ്റ്റ് നടത്തുമ്പോള്‍ ഗ്രൗണ്ടിന് സമീപത്തു നിന്നാണ് ആശാന്‍ ശിഷ്യന്‍മാര്‍ക്ക് ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഇന്‍സ്‌പെക്ടര്‍മാര്‍ സംഭവം കൈയോടെ പിടികൂടിയതോടെ എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ ‘ഏലൂര്‍ ഉദ്യോഗമണ്ഡല്‍’ ഡ്രൈവിങ് സ്‌കൂളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു.

ആലുവ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം ഇങ്ങനെ: രാവിലെ നടന്ന ഡ്രൈവിങ് ടെസ്റ്റില്‍ ഫോര്‍ വീലര്‍ ലൈസന്‍സ് നേടുന്നതിനുള്ള ടെസ്റ്റില്‍ പല ഡ്രൈവിങ് സ്‌കൂളുകളുടെയും ഭൂരിഭാഗം അപേക്ഷകരും ‘എച്ചി’ല്‍ പാസായിരുന്നില്ല. എന്നാല്‍, ‘ഉദ്യോഗമണ്ഡല്‍’ ഡ്രൈവിങ് സ്‌കൂളിനു കീഴില്‍ പഠിച്ചവര്‍ ‘സിമ്പിളായി’ വിജയിക്കുന്നു.

ഇതില്‍ സംശയം തോന്നിയ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗ്രൗണ്ടിന് സമീപം നിന്ന ഈ സ്‌കൂളിലെ ഡ്രൈവിങ് പരിശീലകനെ നിരീക്ഷിച്ചു. ഇതിലൂടെയാണ് ടെസ്റ്റിനെത്തിയവര്‍ കാറില്‍ കയറുമ്പോള്‍ തന്നെ പരിശീലകന്‍ ഇവരുടെ ഫോണിലേക്ക് വിളിക്കുന്നതായും പഠിതാക്കള്‍ ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് മുന്‍വശത്തെ സീറ്റില്‍ വെയ്ക്കുന്നതായും കണ്ടത്. ‘ആശാന്‍’ പറയുന്ന അടയാളങ്ങള്‍ കൃത്യമായി കേട്ട് വണ്ടിയുടെ കണ്ണാടിയിലൂടെ നോക്കി തിരിച്ചറിഞ്ഞായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ ‘എച്ച്’ കടമ്പ പാസ്സായത്.

ആദ്യത്തെ ഒന്ന്, രണ്ട് ടെസ്റ്റുകള്‍ സംശയം തോന്നിയില്ലെങ്കിലും പിന്നീട് ഉദ്യോഗസ്ഥര്‍ നടത്തിയ നിരീക്ഷണമാണ് ആശാനെ കുരുക്കിയത്. ഡ്രൈവിങ് ടെസ്റ്റ് പാസാകാന്‍ അനധികൃതമായി ഫോണിലൂടെ അടയാളം പറഞ്ഞ് പാസാക്കിയ ഡ്രൈവിങ് സ്‌കൂളിനെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആലുവ ജോയിന്റ് ആര്‍.ടി.ഒ. നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൂന്ന് മാസത്തേക്ക് സ്‌കൂളിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവ ദിവസം ഉദ്യോഗമണ്ഡല്‍ ഡ്രൈവിങ് സ്‌കൂളിന് കീഴില്‍ കാര്‍ ലൈസന്‍സ് പാസായ എല്ലാവരെയും തോല്പിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button