പൃഥ്വിരാജ് അലംകൃതയെ എന്തിന് അംബാനി സ്കൂളിൽ ചേർത്തു? തുറന്ന് പറഞ്ഞ് അമ്മ മല്ലിക സുകുമാരൻ
കൊച്ചി:കുടുംബമായി ജീവിക്കണമെന്നത് തനിക്കൊരു വാശിയായിരുന്നുവെന്ന് നടി മല്ലിക സുകുമാരൻ. ജീവിതത്തിൽ ആദ്യമെടുത്ത തീരുമാനം തെറ്റിപ്പോയപ്പോൾ പുതിയ ജീവിതം മക്കളും ഭർത്താവുമൊക്കെയായി സന്തോഷകരമായ ജീവിക്കണമെന്ന് താൻ ഉറപ്പിച്ചിരുന്നു.
തന്റെ പേരിൽ ഭർത്താവ് ഒരുപാട് സമ്പാദിച്ചിട്ടുണ്ടെന്നും മക്കളോട് കൈനീട്ടേണ്ട സാഹചര്യം വരാതിരിക്കാനാണ് അദ്ദേഹം അത്തരത്തിൽ ചെയ്തതെന്നും മല്ലിക സുകുമാരൻ പറഞ്ഞു. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘എന്റെ ജീവിതം തുടങ്ങിയത് നല്ല ജീവിതം എന്ന പ്രതീക്ഷയോട് കൂടിയാണ്.ചിലപ്പോൾ നമ്മുടെ കാഴ്ചപ്പാടും കണക്ക് കൂട്ടലുകളും തെറ്റിയെന്നിരിക്കാം. പ്രായത്തിന്റെ അപക്വമായ തീരുമാനം കൊണ്ടും എടുത്തുചാട്ടം കൊണ്ടുമൊക്കെ ആയിരിക്കാം. എന്നാൽ രാജകുമാരിയെ പോലൊരു ജീവിതം തരാൻ സുകുവേട്ടനെ പോലൊരാൾ മുന്നോട്ട് വന്നപ്പോൾ എനിക്ക് വാശിയായി,
കലയല്ല ജീവിതം എന്ന് തിരിച്ചറിഞ്ഞു. കുടുംബമായി ജീവിക്കണമെന്നതൊക്കെ വാശിയായിരുന്നു എനിക്ക്. മക്കളെ നന്നായി വളർത്തി. മക്കൾ പുസ്തകങ്ങൾ വായിക്കണം, നന്നായി പഠിക്കണമെന്നതൊക്കെ സുകുവേട്ടന്റെ കൂടി നിർബന്ധമാണ്. പൃഥ്വിരാജും ഇന്ദ്രജിത്തും വളരെ അവിചാരിതമായാണ് സിനിമയിൽ എത്തിയത്. ജോലിയൊക്കെ കളഞ്ഞുവന്ന് ചാടിയിട്ട് സിനിമയിൽ രക്ഷപ്പെടാൻ ആയില്ലെങ്കിൽ പരാതിപ്പെടാൻ നിൽക്കരുതെന്ന് ഞാൻ മക്കളോട് പറഞ്ഞിട്ടുണ്ട്.’ മല്ലിക സുകുമാരന്‍ പറഞ്ഞു.
സുകുവേട്ടൻ വളരെ ലളിതമായി ജീവിച്ചൊരാളാണ്. വളരെ ലാവിഷായി ജീവിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയല്ല. പൈസ കിട്ടുമ്പോൾ എഫ്ഡി ഇടമെന്ന് ചിന്തിച്ചിരുന്ന ആളാണ്. വീടുകളൊക്കെ വാങ്ങിച്ചത് എന്റേം സുകുവേട്ടന്റേയും പേരിലാണ്. പൈസ അദ്ദേഹം നന്നായി സൂക്ഷിച്ചു.
ആൺമക്കൾ വിവാഹം കഴിച്ച് പോകുമ്പോൾ അവരോട് പണം ചോദിക്കാൻ ഇടവരരുതെന്നും നിനക്ക് ജീവിക്കാൻ പണം വേണ്ടേയെന്നും പറഞ്ഞാണ് അദ്ദേഹം എനിക്ക് വേണ്ടി സമ്പാദിച്ചത്.
കൊച്ചുമക്കളാണ് ഇപ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ രസം. അവർക്ക് കഥകൾ പറയാനുണ്ടാകും, കൊച്ചുവർത്താനം പറയാൻ കാണും. ഇവർ എന്നെ വെറുതെ ഇരിക്കാൻ സമ്മതിക്കില്ല. പിറന്നാൾ എന്ന് പറഞ്ഞ് വീട്ടിലേക്ക് വരും . കേക്ക് മുറിക്കും, ഡാൻസൊക്കെ കളിക്കും. ആ സമയത്ത് ഞാനൊരു 16 കാരിയാകും. പ്രാർത്ഥനയും നക്ഷത്രയും അലംകൃതയും വന്നാൽ ഞാൻ അവരുടെ ചേച്ചിയായിട്ടാണ് അവിടെ കിടന്ന് കളിക്കാറുള്ളത്’, മല്ലിക സുകുമാരൻ പറഞ്ഞു.
പൃഥ്വിരാജിൻറെ മകൾ അംബാനി സ്കൂളിൽ പഠിക്കുന്നുവെന്നത് വലിയ ചർച്ചയായിരുന്നു. അതിനെ കുറിച്ചുള്ള ചോദ്യത്തിനും മല്ലിക മറുപടി നൽകി. ‘അലംകൃത അംബാനി സ്കൂളിൽ പഠിക്കുന്നുവെന്നതൊക്കെ വലിയ വാർത്തയാകുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായിട്ടില്ല. എത്രയോ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. അത് നല്ല സ്കൂളാണെന്ന് സൂര്യയോ മറ്റോ പറഞ്ഞത് കൊണ്ടാണ് അവിടെ ചേർത്തത്.അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല. ഇത് വലിയ വാർത്തായുന്നത് എന്തിനാണ്.
അവൾ മിടുക്കി തന്നെയാണ്.എന്നാലും അവളെ പോലെ മിടുക്കിയായ എത്രയോ കുട്ടികൾ അവിടെ പഠിക്കുന്നുണ്ട്. അവിടെ പഠിച്ചത് കൊണ്ട് ലോകം ഭരിക്കണമെന്നില്ല. രാജ്യത്തും ലോകത്തും പ്രശസ്തമായ പലരും തമിഴ്നാട്ടിലും കേരളത്തിലും ആന്ധ്രയിലുമൊക്കെ പഠിച്ചവരല്ലേ. എവിടെ പഠിക്കുന്നുവെന്നതല്ല കാര്യം. മുംബൈയിലാണ് അവർ താമസിക്കുന്നത്. അപ്പോൾ മകൾക്ക് പഠിക്കാൻ മികച്ചൊരു സ്കൂൾ, അത്രയേ അതിനെ ഞാൻ കാണുന്നുള്ളൂ’, താരം വ്യക്തമാക്കി.