നടി മല്ലിക സുകുമാരന് ഇത്തവണയും രക്ഷയില്ല,വീട്ടില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് ബന്ധുവീട്ടിലേക്ക് മാറി മല്ലിക,വെള്ളക്കെട്ടില്‍ ജില്ലാ ഭരണകൂടത്തെ പഴിച്ച് മേയര്‍
തിരുവനന്തപുരം:കഴിഞ്ഞ ദിവസത്തെ കനത്തമഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ കുണ്ടമണ്‍കടവിലെ വീട്ടില്‍ നിന്നും ഇത്തവണയും ബന്ധുവീട്ടിലേക്ക് മാറി. കരമനയാറ്റില്‍ വെള്ളം പൊങ്ങിയതോടെയാണ് കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളില്‍ വെള്ളം കയറിയത്.
വെള്ളം കയറാന്‍ തുടങ്ങിയതോടെ ഫയര്‍ഫോഴ്സ് എത്തിയാണ് ആളുകളെ റബ്ബര്‍ബോട്ടില്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിയത്. ജവഹര്‍നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് മല്ലികാ സുകുമാരന്‍ മാറിയത്. കേരളം മഹാ പ്രളയത്തില്‍ മുങ്ങിയ 2018- ലും ഈ പ്രദേശങ്ങളില്‍ വെള്ളം കയറിയിരുന്നു.
വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതിന് പിന്നാലെ അരുവിക്കര ഡാമിന്റെ അഞ്ച് ഷട്ടറുകള്‍ ഉള്‍പ്പെടെ ഇന്നലെ തുറന്നിരുന്നു. മുന്നറിയിപ്പില്ലാതെ ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു. വീടിനുപിറകിലെ കനാല്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് പലതവണ ആവശ്യപ്പെട്ടതാണ്. മന്ത്രിയ്ക്ക് ഉള്‍പ്പെടെ ഇക്കാര്യത്തില്‍ പരാതി നല്കിയിരുന്നു. മൂന്നുവര്‍ഷമായി ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ലെന്നും മല്ലിക പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തിരുവനന്തപുരം താലൂക്കില്‍ രണ്ടു വീടുകള്‍ പൂര്‍ണ്ണമായും 13 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 111 വീടുകളില്‍ വെളളം കയറി ഇറങ്ങി.
തിരുമല, മണക്കാട്, തയ്ക്കാട്, ശാസ്തമംഗലം വില്ലേജുകളിലായി 150 ലധികം വീടുകളില്‍ വെളളം കയറിയിട്ടുണ്ട്. തിരുമല, മണക്കാട്, നേമം വില്ലേജുകളില്‍ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ജഗതി കരയ്ക്കാട് ലെയിന്‍ കിള്ളിയാര്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 85 വീടുകളില്‍ നിന്നും താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റി.
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മൂന്ന് മണിക്കൂര്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത. ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തേയും ലക്ഷദ്വീപിലേയും മത്സ്യബന്ധ തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വൃഷ്ടി പ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര അണക്കെട്ട് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തുറന്നത്.
കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ അരുവിക്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളാണ് തുറന്നത്. രാവിലെ രണ്ടുമണി മുതല്‍ നാല് മണിവരെ നാല് ഷട്ടറുകള്‍ 1.25 മീറ്ററും ഒരു ഷട്ടര്‍ 1.5 മീറ്ററും തുറന്നു. ഇതേതുടര്‍ന്ന് കരമയനയാറിന്റെ തീരങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേ സമയം മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് തിരുവനന്തപുരം മേയര്‍ കെ.ശ്രീകുമാര്‍ ആരോപിച്ചു.ആവശ്യമായ ആലോചനകളില്ലാതെയാണ് അണക്കെട്ട് തുറന്നത്.ജനങ്ങള്‍ക്ക് തയ്യാറെടുപ്പിന് വേണ്ട സമയം പോലും നല്‍കിയില്ലെന്നും മേയര്‍ കുറ്റപ്പെടുത്തി.