മലയാറ്റൂര്‍: കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുന്‍ കപ്യാര്‍ ജോണിക്ക് ജീവപര്യന്തം തടവ്. ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. പ്രധാനപ്പെട്ട 22 സാക്ഷികളെയാണു വിസ്തരിച്ചത്. ജോണി(62)യുടെ ഭാര്യ മാത്രമാണു കൂറുമാറിയ സാക്ഷി. 2018 മാര്‍ച്ച് ഒന്നിന് മലയാറ്റൂര്‍ കുരിശുമുടി കാനനപാതയില്‍ ആറാം സ്ഥലത്തുവച്ചായിരുന്നു സംഭവം
അമിതമദ്യപാനത്തെ തുടര്‍ന്നു കപ്യാര്‍ ജോണിയെ ജോലിയില്‍ നിന്നും വികാരി മാറ്റി നിര്‍ത്തിയിരുന്നു. ഏപ്രിലില്‍ നടക്കുന്ന തിരുനാളിനു മുന്‍പു ജോലിയില്‍ തിരികെ കയറ്റണമെന്നാവശ്യപ്പെട്ടു ഫാ.സേവ്യറിനെ പ്രതി ജോണി സ്ഥിരമായി ശല്യം ചെയ്തിരുന്നു. സംഭവദിവസം മലയടിവാരത്തെ തീര്‍ഥാടക കേന്ദ്രത്തില്‍ നിന്നു കത്തി കൈക്കലാക്കിയ ജോണി തിരുക്കര്‍മങ്ങള്‍ക്കു ശേഷം മലയിറങ്ങിവരികയായിരുന്ന ഫാ.സേവ്യറിനെ കുത്തി കൊലപ്പെടുത്തിയെന്നാണു കുറ്റപത്രം. ഇടതുതുടയുടെ മേല്‍ഭാഗത്താണു കുത്തേറ്റത്. രക്തധമനി മുറിഞ്ഞു രക്തം നഷ്ടപ്പെട്ടതിനാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.