മലപ്പുറം: കൊവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തിന് സ്വയം വിധേയനായി മലയാളി യുവാവ്. കക്കാട് കരിമ്പില്‍ സ്വദേശി കെ. നൗഷാദാണ് ബഹ്റൈന്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ വാക്സിന്‍ കുത്തിവയ്പ് നടത്തിയത്. രണ്ടരവര്‍ഷമായി ബഹ്റൈനില്‍ സീസണ്‍ ഗ്രൂപ്പ് കമ്പനിയില്‍ ഷെഫായി ജോലി ചെയ്തുവരുന്ന നൗഷാദ് കഴിഞ്ഞ ജനുവരിയില്‍ നാട്ടിലെത്തി ഫെബ്രുവരിയില്‍ തിരിച്ചു പോയതാണ്.
കൊവിഡിനെതിരെയുള്ള വാക്സിന്‍ കുത്തിവെപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സ്വയം തത്പരനായി ബഹ്റൈന്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്നു മെസേജ് വന്നതിന്റെ അടിസ്ഥാനത്തില്‍ വാക്സിന്‍ സ്വീകരിക്കുകയായിരുന്നു. മൂന്നാംഘട്ട പരീക്ഷണത്തിലാണ് നൗഷാദ് ഉള്‍പ്പെട്ടത്. കൊവിഡിനെ ലോകത്തുനിന്നു തന്നെ തുടച്ച് നീക്കാന്‍ എന്നാല്‍ കഴിയുന്ന സംഭാവന മാത്രമാണ് ചെയ്തതെന്നും ഓഗസ്റ്റ് 16 ന് ആദ്യ ഡോസ് സ്വീകരിച്ചശേഷം ആരോഗ്യപ്രവര്‍ത്തകര്‍ വിളിച്ചു വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും നൗഷാദ് പറഞ്ഞു.
ഇരുപത്തിയൊന്നാം ദിവസമായ സപ്തംബര്‍ ആറിനാണ് അടുത്ത വാക്സിന്‍. 12 മാസമാണ് ഇതിന്റെ പഠന കാലാവധി. ബഹ്റൈനില്‍ ആറായിരത്തോളം പേരിലാണ് വാക്സിന്‍ പരീക്ഷിക്കുന്നത്. ചൈനയുടെ സിനോഫാം സി.എന്‍.ബി.ജിയാണ് വാക്സിന്‍ വികസിപ്പിക്കുന്നത്. നൗഷാദിന്റെ ഈ സന്നദ്ധതയ്ക്ക് പിതാവ് സൈതലവിയും മാതാവ് സുഹ്റയും ഭാര്യ മുഹ്സിനയും നാട്ടുകാരും അഭിനന്ദിച്ചു.