ദുബായ്: ട്വന്റി20 ലോകകപ്പിനുള്ള യുഎഇ ദേശീയ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അത് പ്രവാസികളും സ്വദേശികളുമായ മലയാളികൾക്ക് ഒരുപോലെ അഭിമാന നിമിഷം. തലശേരിക്കാരൻ സി പി റിസ്വാനാണ് ഇത്തവണ യുഎഇ ദേശീയ ക്രിക്കറ്റ് ടീമിനെ ട്വന്റി 20 ലോകകപ്പിൽ നയിക്കുക. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പിൽ ഒരു ടീമിനെ ഒരു മലയാളി താരം നയിക്കുന്നത്. റിസ്വാനെ കൂടാതെ രണ്ട് മലയാളി താരങ്ങൾ കൂടി യുഎഇയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 15 അംഗ സംഘത്തിൽ ഇടം നേടിയിട്ടുണ്ട്.
ബാസിൽ ഹമീദ്, അലിഷാൻ ഷറഫൂ എന്നിവരാണ് യുഎഇക്കായി ട്വന്റി20 ലോകകപ്പ് കളിക്കാൻ പോകുന്ന മറ്റ് മലയാളി താരങ്ങൾ. ബാസിൽ കോഴിക്കോട് കല്ലായി സ്വദേശിയാണ്. കണ്ണൂർ പഴയങ്ങാടി സ്വദേശിയാണ് അലിഷാൻ. അണ്ടർ 19 ലോകകപ്പിൽ അലിഷാൻ യുഎഇയെ നയിച്ചിട്ടുണ്ട്.
യുഎഇയുടെ റിസർവ് താരങ്ങളുടെ ലിസ്റ്റിലും ഒരു മലയാളിയുണ്ട്. വിഷ്ണു സുകുമാരനാണ് റിസർവ് ലിസ്റ്റിൽ ഇടം നേടിയ താരം. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരം എന്ന നേട്ടത്തിന് ഉടമയാണ് റിസ്വാൻ. അയർലൻഡിന് എതിരെയായിരുന്നു റിസ്വാന്റെ സെഞ്ചുറി.
ഗ്രൂപ്പ് എയിൽ ശ്രീലങ്ക, നമീബിയ, ഹോളണ്ട് ടീമുകൾക്ക് എതിരെയാണ് യുഎഇ ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരം കളിക്കുക. ഗ്രൂപ്പ് ബിയിൽ അയർലൻഡ്, സ്‌കോട്ലൻഡ്, വെസറ്റ് ഇൻഡീസ്, സിംബാബ്വെ എന്നിവരാണ് കളിക്കുക. യോഗ്യത നേടിവരുന്ന നാല് ടീമുകൾക്ക് ലോകകപ്പ് കളിക്കാം.
യുഎഇ ടീം: സി പി റിസ്വാൻ, വ്രിത്യ അരവിന്ദ്, അഹമ്മദ് റാസ, അലിഷാന് ഷറഫു, ചിരാഗ് സുരി, ബാസിൽ ഹമീദ്, അയാൻ ഖാൻ, മുഹമ്മദ് വസീം, സവാർ ഫരീദ്, കാഷിഫ് ദൗദ്, കാർത്തിക് മെയ്യപ്പൻ, സഹൂർ ഖാൻ, ജുനൈദ് സിദ്ദിഖ്, ആര്യൻ ലക്ര, സാബിർ അലി.