ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണയാള്‍ക്ക് രക്ഷകനായ മലയാളി ആര്‍.പി.എഫ് ഉദ്യോഗസ്ഥന് ആദരം
കോയമ്പത്തൂര്‍: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ തെറിച്ചുവീണയാള്‍ക്ക് രക്ഷകനായി മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ പി.വി ജയന്‍. തൃശ്ശൂര്‍ ഒല്ലൂര്‍ മരുത്താക്കര സ്വദേശിയും കോയമ്പത്തൂരിലെ ആര്‍പിഎഫ് ഉദ്യോഗസ്ഥനുമായ ജയന്റെ അവസരോചിത ഇടപെടലാണ് യാത്രക്കാരന്റെ ജീവന്‍ രക്ഷിച്ചത്. കോയമ്പത്തൂര്‍ ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെ 08.20ഓടെയായിരുന്നു സംഭവം.
പാലക്കാട് നിന്നും തിരുച്ചിറപ്പള്ളിയിലേക്കുള്ള 56712 പാസഞ്ചര്‍ ട്രെയിന്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് മുന്നോട്ടുനീങ്ങവെ ഓടി വന്ന് ഒരു യാത്രക്കാരന്‍ ചാടി കയറുന്നതിനിടെയാണ് പുറത്തേക്ക് തെറിച്ചത്. വേഗതയിലായിരുന്ന ട്രെയിനില്‍നിന്ന് ഇയാള്‍ പ്ലാറ്റ്‌ഫോമിലേക്ക് തന്നെ വീഴാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ ഈ സമയം പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയന്‍ യാത്രക്കാരനെ ട്രെയിനിന് അകത്തേക്ക് ശക്തിയില്‍ തള്ളി അപകടത്തില്‍ നിന്നും രക്ഷിക്കുകയായിരുന്നു.
യാത്രക്കാരനെ രക്ഷപ്പെടുത്തിയ ജയനെ സ്റ്റേഷന്‍ ഡയറക്ടര്‍ പി സതീഷ് ശ്രാവണന്‍ ആദരിച്ചു. ദക്ഷിണറെയില്‍വേയുടെ പ്രശസ്തിപത്രവും പാരിതോഷികവും അദ്ദേഹത്തിന് കൈമാറി. 21 വര്‍ഷമായി റെയില്‍വേയില്‍ ജോലി ചെയ്യുന്ന ജയന്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി കോയമ്പത്തൂരിലെ റെയില്‍വേ സംരക്ഷണ സേനയിലാണ്.