തിരുവനന്തപുരം:സച്ചിന്‍ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന് ടെന്നിസ് താരം മരിയ ഷറപ്പോവയുടെ ഫെയ്‌സ്ബുക്കില്‍ കയറി പൊങ്കാലയിട്ടവരില്‍ പ്രമുഖരാണ് മലയാളികള്‍. അന്നത് വലിയ വാര്‍ത്തയായിരുന്നു. മലയാളികളുടെ കമന്റുകള്‍ കണ്ട് അന്ന് ഷറപ്പോവ അന്തം വിട്ടതായാണ് വിവരം.
ഇപ്പോഴിതാ ഷറപ്പോവയുടെ ഫെയ്‌സ്ബുക്ക് പേജില്‍ വീണ്ടും മലയാളം നിറയുകയാണ്. ഷറപ്പോവ ഒടുവില്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ വന്നിരിക്കുന്നത് മുഴുവന്‍ മലയാളം കമന്റുകളാണ്. പലതും രണ്ട് വര്‍ഷം മുമ്പ് സച്ചിന്‍ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞതിന് ചീത്തവിളിച്ചതിനും തെറിവിളിച്ചതിനും മാപ്പ് പറഞ്ഞും ക്ഷമാപണം നടത്തിയുമുള്ള കമന്റുകള്‍.
‘‘മറിയച്ചേടത്തീ, പണ്ട് ചെയ്‌ത തെറ്റിന് ക്ഷമ ചോദിക്കുന്നു. ക്രിക്കറ്റ് ദൈവം ഞങ്ങളെ തേച്ചു. നിങ്ങളായിരുന്നു ശരി ’’. മരിയ ഷറപ്പോവയുടെ ഫെയ്‌സ്‌ബുക്ക് കമന്റ് ബോക്‌സിൽ മലയാളികളുടെ ‘‘മാപ്പുപറച്ചിൽ’’ നിറയുന്നു. ഷറപ്പോവയ്‌ക്ക് ലഭിക്കുന്നത് മാപ്പപേക്ഷയാണെങ്കിൽ സച്ചിൻ ടെൻഡുൽക്കർക്കാകട്ടെ ‘പൊങ്കാലയും’.
കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള പ്രതികരണത്തിനെതിരെ പ്രതികൂല നിലപാട് വ്യക്തമാക്കി സച്ചിൻ ട്വീറ്റ് ചെയ്‌തതോടെയാണ് സാമൂഹ്യമാധ്യമങ്ങളിൽ ക്ഷമപറച്ചിലും പ്രതിഷേധവും പ്രവഹിച്ചത്. സച്ചിനെ അറിയില്ലെന്ന് പറഞ്ഞതിന് മലയാളികൾ 2014ൽ ഷറപ്പോവയെ പൊങ്കാലയിട്ടിരുന്നു. ഇക്കുറി നേരെ തിരിച്ചായി. ഷറപ്പോവ നിങ്ങളായിരുന്നു ശരി, സച്ചിന് വേണ്ടി നിങ്ങളെ പൊങ്കാലയിട്ടതിൽ ഖേദിക്കുന്നു. ഇന്ന് ആ ചങ്ങാതി സകല കർഷകരേയും തള്ളിപ്പറഞ്ഞു.
രണ്ട് വർഷം മുമ്പ് പറഞ്ഞ തെറികൾ തിരിച്ചെടുക്കുവാ… ഇങ്ങനെ പോയി ഖേദപ്രകടനം. ചിലർ നാട്ടിലേക്ക് ക്ഷണിക്കാനും മറന്നില്ല. സച്ചിന്റെ അക്കൗണ്ടുകളിൽ പ്രതിഷേധം തിളച്ചു. താരത്തെ ചില ആരാധകർ തള്ളിപ്പറഞ്ഞു. ‘ഒരിക്കൽ സച്ചിന്റെ ഫാനായിരുന്നു’ ഇത്രചീപ്പായിരുന്നോ, അന്നം തരുന്ന കർഷകരെ മറക്കരുത്, ബാറ്റ് പിടിക്കുന്നതുപോലെ എളുപ്പമല്ല തൂമ്പ പിടിക്കാൻ –- അവർ കുറിച്ചു. അതിരൂക്ഷമായിരുന്നു ചില കമന്റുകൾ. സാമൂഹ്യ മാധ്യമങ്ങളിലും സച്ചിനെതിരെ ട്രോൾ നിറഞ്ഞു.