ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടി മത്സരിക്കില്ല. ഭരണത്തിലുള്ള പാര്‍ട്ടിയും മുന്‍പ് ഭരിച്ച പാര്‍ട്ടിയും തമ്മിലുള്ള അധികാരത്തിന് വേണ്ടിയുള്ള പോരാട്ടം മാത്രമാണ് ഉപതെരഞ്ഞെടുപ്പെന്നും ഈ സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പിന് വലിയ പ്രധാന്യമുള്ളതായി തോന്നുന്നില്ലെന്നും മക്കള്‍ നീതി മയ്യം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. തമിഴ് നാട്ടിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് എന്ന പേരില്‍ നടക്കുന്ന അഴിമതി രാഷ്ട്രീയത്തിന്റെ ഭാഗമാകാന്‍ തയ്യാറല്ല. ഇതിനാലാണ് നംഗുനേരി, വിക്രവാണ്ടി എന്നിവിടങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ നിന്ന് പാര്‍ട്ടി വിട്ടുനില്‍ക്കുന്നതെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനായ കമല്‍ ഹാസന്‍ പറഞ്ഞു. 2021ല്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും പാര്‍ട്ടിക്ക് തമിഴ്നാട് ജനതയുടെ ഏകപക്ഷീയമായ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.