EntertainmentKeralaNews

കയ്യടിക്കുവേണ്ടി പറഞ്ഞതായിരിക്കാം, നിമിഷയ്ക്കുനേരെ ഇപ്പോൾ നടക്കുന്ന സൈബർ ആക്രമണം വിഷമിപ്പിക്കുന്നു:മേജർ രവി

കൊച്ചി:ടി നിമിഷ സജയനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ഒരിക്കലും അം​ഗീകരിക്കാനാവില്ലെന്ന് സംവിധായകനും നടനുമായ മേജർ രവി. ഒരു വേദി കിട്ടിയപ്പോൾ ഏതോ കാലത്ത് സുരേഷ് ​ഗോപി പറഞ്ഞ കാര്യം നിമിഷ വിളിച്ചുപറഞ്ഞതായിരിക്കാം. അതിൽ വ്യക്തിവൈരാ​ഗ്യം ഉണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നിമിഷ രാഷ്ട്രീയക്കാരിയല്ലെന്നും ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളെ നേരിടാൻ അവർക്ക് ശക്തിയുണ്ടോ എന്നറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വളരെ സങ്കടകരമായ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നതെന്ന് മേജർ രവി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നതിനുപിന്നാലെ നടി നിമിഷ സജയനെ മാനസികമായി വിഷമിപ്പിക്കുന്ന ഒരുപാട് കമന്റുകൾ കണ്ടു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല, കലാകാരിയാണ്. ഇത്തരത്തിലുള്ള സൈബർ ആക്രമണം നേരിടാനുള്ള മാനസികമായ ശക്തി ആ കുട്ടിക്ക് ഉണ്ടോ എന്നറിയില്ല. ഏതോ ഒരു കാലത്ത് സുരേഷ് പറഞ്ഞ ഒരു കാര്യം ആ കുട്ടി വേദിയിൽ വന്ന് പറഞ്ഞു. അതിനെ അങ്ങനെ വിട്ടാൽ മതി. ഇപ്പോൾ നടക്കുന്ന ആക്രമണം വിഷമിപ്പിക്കുന്നതാണെന്നും മേജർ രവി പറഞ്ഞു.

“നിമിഷ പറഞ്ഞത് അന്ന് കേട്ടപ്പോൾ വിഷമമുണ്ടായിരുന്നു. പക്ഷേ അതിന്റെ പേരിൽ അവരെ മാനസികമായി വിഷമിപ്പിക്കുന്നതിനോ ട്രോള് ചെയ്യുന്നതിലോ എനിക്ക് യാതൊരു സന്തോഷവുമില്ല എന്നാണ് വളരെ പക്വതയോടെ ഗോകുൽ സുരേഷ് പറഞ്ഞത്. സുരേഷ് ഗോപി വളരെ നന്നായി വളർത്തിയ കുട്ടിയാണ് ഗോകുൽ. ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ വിടുകയാണ് വേണ്ടത്. അല്ലാതെ ഒരു പെൺകുട്ടിയുടെ പിന്നാലെ പോയി അവളെ അറ്റാക് ചെയ്യാൻ നിങ്ങൾക്കൊന്നും വേറെ പണി ഒന്നുമില്ലേ? ഇതൊക്കെ നിർത്തിക്കൂടെ? ആ കുട്ടി ചെയ്തത് വ്യക്തിപരമായ ദേഷ്യം കൊണ്ടൊന്നും അല്ല. ഒരു സ്റ്റേജിൽ കയറി കുറച്ചു കയ്യടി കിട്ടുന്ന സമയത്ത് വായിൽ നിന്ന് പോയതാണ്.” മേജർ രവി പറഞ്ഞു.

അന്ന് പറഞ്ഞതിനെ ഇപ്പോൾ എടുത്തിട്ട് ആ കുട്ടിയെ ആക്രമിക്കുന്നതിനെ അംഗീകരിക്കാനാകില്ല. സുരേഷ് തന്റെ സുഹൃത്താണ്, ആ കുടുംബവും തനിക്ക് അടുപ്പമുള്ളതാണ്. ആ കുട്ടി അല്ലാതെ വേറെ ആരെല്ലാം എന്തെല്ലാം പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കുത്തിപ്പൊക്കിക്കൊണ്ടുവന്നാൽ സുരേഷിന് ഇഷ്ടപ്പെടും എന്നുകരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി.

സുരേഷ് വളരെയധികം സാത്വികനായ ആളാണ്. ഇങ്ങനെയൊക്കെ പറയുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമെന്നു കരുതരുത്. ഇനിയെങ്കിലും ഈ സൈബർ ആക്രമണം നിർത്തണം. നമ്മുടെ ഭാ​ഗത്തുനിന്നും അങ്ങനെയൊരു ക്രൂശിക്കൽ ആവശ്യമില്ലെന്നും മേജർ രവി അഭിപ്രായപ്പെട്ടു.

നാലു വർഷങ്ങൾക്ക് മുമ്പ് തൃശൂർ ലോക്സഭാമണ്ഡലവുമായി ബന്ധപ്പെട്ട് നിമിഷ നടത്തിയ പ്രസ്താവനയാണ് സൈബർ ആക്രമണത്തിന് കാരണം. ‘തൃശൂർ ചോദിച്ചിട്ട് നമ്മൾ കൊടുത്തിട്ടില്ല പിന്നെ ഇന്ത്യ ചോദിച്ചാൽ നമ്മൾ കൊടുക്കുമോ’ എന്നാണ് അന്ന് ഒരു പൊതുപരിപാടിയിൽ നിമിഷ സജയൻ പറഞ്ഞത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ വൻഭൂരിപക്ഷത്തോടെ സുരേഷ് ​ഗോപി ജയിച്ചതോടെയാണ് നിമിഷയ്ക്കെതിരെ സൈബർ ആക്രമണം ആരംഭിച്ചത്.

തുടർന്ന് ഈ വിഷയത്തിൽ പ്രതികരണവുമായി സുരേഷ് ​ഗോപിയുടെ മകനും നടനുമായ ​ഗോകുൽ സുരേഷ് രം​ഗത്തെത്തിയിരുന്നു. നിമിഷ അന്ന് പറഞ്ഞതു കേട്ടപ്പോൾ വിഷമം തോന്നിയിരുന്നെന്നും എന്നാൽ ഇന്ന് അവർക്കെതിരെ നടക്കുന്ന വ്യക്തിഹത്യയോട്‌ യോജിക്കാൻ കഴിയില്ലെന്നുമായിരുന്നു ​ഗോകുലിന്റെ പ്രതികരണം.‌

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker