KeralaNationalNewsNews

ബെയ്ലി പാലമുയർന്നത് മദ്രാസ് സാപ്പേഴ്സിന്റെ കരുത്തിൽ;പാലത്തിന് മുകളിൽ തലയെടുപ്പോടെ മേജർ സീത അശോക് ഷെൽക്കെ

കൽപ്പറ്റ: രക്ഷാപ്രവർത്തനത്തിൽ സ്ത്രീകൾക്ക് യാതൊന്നും ചെയ്യാനില്ല എന്ന് പറയുന്നവർക്കുള്ള ഉത്തരമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന ഒരു ചിത്രമുണ്ട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ സൈന്യം തയ്യാറാക്കിയ ബെയ്ലി പാലത്തിന്റെ നിർമ്മാണ ഘട്ടത്തിൽ പാലത്തിന് മുകളിൽ അഭിമാനപൂർവ്വം നിൽക്കുന്ന ഒരു സൈനിക ഉദ്യോഗസ്ഥയുടെ ചിത്രം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചിത്രം വൈറലായി. പിന്നാലെ തന്നെ ചിത്രത്തിലുള്ളത് മേജർ സീത ഷെൽക്കെയാണെന്നുള്ള വിവരവും വന്നു. ബെയ്‌ലി പാലം പൂർത്തിയാക്കിയ സൈന്യത്തിലെ എൻജിനീയറാണ് മേജർ സീത ഷെൽക്കെ. മേജർ സീത അശോക് ഷെൽക്കെ എന്നാണ് ഈ ഉദ്യോഗസ്ഥയുടെ മുഴുവൻ പേര്. 

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ പാർനർ താലൂക്കിലെ ഗാഡിൽഗാവ് എന്ന ചെറുഗ്രാമത്തിൽ നിന്നാണ്  മേജർ സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്. 600 പേ‍ർ മാത്രമുള്ള ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്.  അഭിഭാഷകനായ അശോക് ബിഖാജി ഷെല്‍ക്കെയുടെ നാല് മക്കളില്‍ ഒരാളാണ് സീത അശോക് ഷെല്‍ക്കെ. അഹമ്മദ് നഗറിലെ ലോണിയിലെ പ്രവാര റൂറൽ  എഞ്ചിനീയറിംഗ്  കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദവും പൂർത്തിയാക്കിയ ശേഷമാണ് സീത അശോക് ഷെൽക്കെ സൈന്യത്തിലേക്ക് എത്തുന്നത്. 

ഒരു ഐപിഎസ് കാരി ആകണമെന്നായിരുന്നു മോഹം. പക്ഷേ അതിലേക്ക് നയിക്കാന്‍ ആരുമിണ്ടാകാതെ വന്നതോടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാനുള്ള ശ്രമം സീത അശോക് ഷെൽക്കെ നടത്തുന്നത്. രണ്ട് തവണ എസ്എസ്ബി പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും തന്റെ സ്വപ്നം ഉപേക്ഷിക്കാന്‍ സീത അശോക് ഷെൽക്കെ തയാറായിരുന്നില്ല. മൂന്നാം തവണ പരീക്ഷ പാസായി. 2012 ലാണ് സീത അശോക് ഷെൽക്കെ സൈന്യത്തിന്റെ ഭാഗമായത്.

ചെന്നൈയിലെ ഒടിഎയിൽ നിന്നാണ് സീത അശോക് ഷെൽക്കെ പരിശീലനം പൂർത്തിയാക്കിയത്. മൂന്ന് സഹോദരിമാരാണ് സീത അശോക് ഷെൽക്കെയ്ക്കുള്ളത്. ചെറിയ ഗ്രാമത്തിൽ നിന്നാണ് വരുന്നതെങ്കിലും സൈന്യത്തിന്റെ ഭാഗമാകണമെന്ന തന്റെ സ്വപ്നത്തിന് രക്ഷിതാക്കൾ വലിയ രീതിയിൽ പിന്തുണ നൽകിയെന്നാണ് സീത അശോക് ഷെൽക്കെ നേരത്തെ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആര്‍മി മദ്രാസ് എന്‍ജീനീയറിങ്ങ് ഗ്രൂപ്പിലെ 250 സൈനികരാണു ബെയ്‌ലി പാലം നിര്‍മ്മിച്ചത്. ഇതിന്റെ നേതൃനിരയില്‍ തലയെടുപ്പോടെ മേജർ സീത അശോക് ഷെല്‍ക്കെയുമുണ്ട്.മദ്രാസ് സാപ്പേഴ്‌സ് എന്നും ഇവർ അറിയപ്പെടുന്നു. പ്രത്യേക പരിശീലനം ലഭിച്ച ഇവർ യുദ്ധമുഖത്ത് ആദ്യമെത്തി സൈന്യത്തിന് വഴിയൊരുക്കുക, പാലങ്ങൾ നിർമിക്കുക, കുഴി ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്.

ഒരു രാത്രിയും ഒരു പകലും നീണ്ട അധ്വാനം. പെരുമഴയെയും കുത്തൊഴുക്കിനെയും അതിജീവിച്ച് സൈന്യം തയ്യാറാക്കിയ ഉരുക്ക് പാലത്തിന് 190 അടി നീളമാണുള്ളത്. അതിലൂടെ രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനങ്ങള്‍ കടന്നുപോയത് കയ്യടിയോടെയാണ് നാട്ടുകാർ സ്വീകരിച്ചത്. പാലത്തിന്റെ നിർമ്മാണം പൂർത്തിയായത് രക്ഷാപ്രവർത്തനത്തിനും തുടർന്നുള്ള തെരച്ചിലിൽ ഏറെ നിർണായകമാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker