ബോളിവുഡിനെ പിന്നിലാക്കി ‘മഹാവീര്യർ’ ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്
കൊച്ചി:മലയാള സിനിമയ്ക്ക് പുതിയൊരു അനുഭവം പകരാൻ ഒരുങ്ങുകയാണ് എബ്രിഡ് ഷൈന്‍ ചിത്രം മഹാവീര്യർ (Mahaveeryar). ടൈം ട്രാവലും ഫാന്റസിയും കടന്നുവരുന്ന ചിത്രത്തിൽ ആസിഫ് അലിയും നിവിൻ പോളിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ഐഎംഡിബി (IMDB) ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് മഹാവീര്യർ. പ്രമുഖ ഓണ്‍ലൈന്‍ ഡേറ്റാബേസ് ആയ ഐഎംഡിബിയുടെ റിയല്‍ ടൈം പോപ്പുലാരിറ്റി അടിസ്ഥാനമാക്കിയുള്ള ലിസ്റ്റ് ആണിത്.
അമീർ ഖാൻ ചിത്രം ലാൽ സിംഗ് ഛദ്ദ, അക്ഷയ് കുമാർ ചിത്രം രക്ഷാ ബന്ധൻ, ബ്രഹ്മാണ്ഡ ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര, തമിഴ് ചിത്രം കോബ്ര എന്നിവയെ പിന്നിലാക്കിയാണ് മഹാവീര്യർ ഈ നേട്ടം സ്വന്തമാക്കിയത്. മലയാളത്തിലെ ആദ്യ ടൈം ട്രാവല്‍ ചിത്രം ജൂലൈ 21നാണ് തിയറ്ററുകളിൽ എത്തുക.
നര്‍മ്മ, വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിത്രമാണിത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. അദ്ദേഹം തന്നെയാണ് സംവിധാനവും.പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്നു.
വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.