ശിവസേനയുടെ ഊഴം കഴിഞ്ഞു,ഗവര്‍ണറുടെ ക്ഷണം എന്‍.സി.പിയ്ക്ക്,രാഷ്ട്രീയനാടകം തുടരുന്ന മഹാരാഷ്ട്ര
ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ശിവസേനയ്ക്ക് ശേഷം സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.സി.പിക്ക് ക്ഷണം. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാന്‍ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയില്‍ എന്‍.സി.പിയെ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ക്ഷണിച്ചത്. 24 മണിക്കൂറാണ് എന്‍.സി.പിക്ക് അനുവദിച്ചിട്ടുള്ളത്.
എന്നാല്‍ കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ എന്‍.സി.പി അവസാന തീരുമാനം എടുക്കുക. കോണ്‍ഗ്രസുമായി നാളെ ചര്‍ച്ചയെന്ന് എന്‍.സി.പി നേതാവ് നവാബ് മാലിക് മാദ്ധ്യമങ്ങളെ അറിയിച്ചു. മഹാരാഷ്ട്രയിലെ മൂന്നാമത്തെ വലിയ കക്ഷിയായ എന്‍.സി.പിക്ക് 54 എം.എല്‍.എമാരാണുള്ളത്. എന്‍.സി.പിക്കും സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തും.
നേരത്തെ ശിവസേന നേതാവ് ആദിത്യ താക്കറെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ കണ്ടത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്നും ഇതിനായി രണ്ട് ദിവസം കൂടുതല്‍ സമയം വേണമെന്നും ശിവസേന ഗവര്‍ണറെ കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സമയം നീട്ടി നല്‍കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്നാണ് കൂടിക്കാഴ്ച നടത്തിയ ശേഷം ആദിത്യ താക്കറെ പറഞ്ഞത്.