Home-bannerKeralaNews

വനിതാ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്ത സംഭവം: പരാതി പിൻവലിച്ച് മജിസ്‌ട്രേറ്റ്

തിരുവനന്തപുരം : വഞ്ചിയൂരില്‍ വനിത മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞ് വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷകര്‍ക്കെതിരായ പരാതി മജിസ്‌ട്രേറ്റ് പിന്‍വലിച്ചു.

ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥശ്രമങ്ങളാണ് ഒത്തുതീര്‍പ്പിലെത്തിയത്. പരാതി പിന്‍വലിക്കുന്നതായും കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്നും മജിസ്‌ട്രേറ്റ് പൊലീസിനെ അറിയിച്ചു. ഇനി പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്നതോടെ ജാമ്യമില്ലാക്കുറ്റം ചുമത്തിയ കേസ് ഇല്ലാതാകും.

മജിസ്ട്രേറ്റ് ദീപ മോഹന്‍ വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതാണ് വഞ്ചിയൂര്‍ കോടതിയില്‍ നാടകീയ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജാമ്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഒരു സംഘം അഭിഭാഷകര്‍ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ കയറി പ്രതിഷേധിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് ചേംബര്‍ വിട്ടിറങ്ങുകയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കുകയും ചെയ്തു. മജിസ്ട്രേറ്റിന് നേരേ അഭിഭാഷകര്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ ഹൈക്കോടതി പിന്നീട് സ്വമേധയാ കേസെടുത്തിരുന്നു. ജുഡീഷ്യല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ വിഷയത്തില്‍ ഹൈക്കോടതിക്ക് കത്ത് നല്‍കുകയും ചെയ്തു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.ജയചന്ദ്രന്‍ അടക്കമുള്ള അഭിഭാഷകര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button