FeaturedKeralaNews

എം പി വീരേന്ദ്രകുമാര്‍ എംപി (83) അന്തരിച്ചു

കോഴിക്കോട്: എം പി വീരേന്ദ്രകുമാര്‍ എംപി (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിലവില്‍ രാജ്യസഭാംഗമാണ്. ഇന്നലെ രാത്രി എട്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം കല്‍പറ്റയില്‍ നടക്കും.

രാഷ്ട്രീയ നേതാവും മികച്ച പ്രഭാഷകനും എഴുത്തുകാരനും പത്രാധിപരും ഒക്കെയായി രാഷ്ട്രീയ സാമൂഹിക സാസ്‌കാരിക മേഖലകളില്‍ പതിറ്റാണ്ടുകളായി നിറഞ്ഞു നിന്ന വ്യക്തിത്വത്തെയാണ് വീരേന്ദ്രകുമാറിന്റെ വിയോഗത്തോടെ നഷ്ടമാകുന്നത്. രണ്ടുതവണ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. ധനം, തൊഴില്‍ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയായിരുന്നിട്ടുണ്ട്. 1987-ല്‍ സംസ്ഥാന വനംവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്ന് 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവച്ചു.

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയില്‍ വലിയ പങ്കു വഹിച്ച രാഷ്ട്രീയ നേതാവായിരുന്നു വീരേന്ദ്രകുമാര്‍. ജനതാദള്‍ (എസ്), സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക് ) ജനതാ ദള്‍ (യുണൈറ്റഡ്) എന്നിവയുടെ മുന്‍ സംസ്ഥാന കമ്മിറ്റി പ്രസിഡന്റാണ്. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവാണ്. മാതൃഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. എല്‍ഡിഎഫ് രൂപീകരിച്ച കാലത്ത് മുന്നണി കണ്‍വീനറായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ വാസം അനുഷ്ഠിച്ചിട്ടുണ്ട്.

മദിരാശി നിയമസഭാംഗവും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന എം കെ പദ്മപ്രഭാ ഗൗഡറുടെയും മരുദേവി അമ്മയുടെയും മകനായി 1936ലാണ് വീരേന്ദ്രകുമാറിന്റെ ജനനം. മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് ഫിലോസഫിയില്‍ മാസ്റ്റര്‍ ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ ബിരുദവും നേടി.

കേരള സാഹിത്യ അക്കാദമിയുടെ സി ബി കുമാര്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ്, മഹാകവി ജി സ്മാരക അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കെ വി ഡാനിയല്‍ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, ഏറ്റവും മികച്ച യാത്രാവിവരണ കൃതിക്കുള്ള പ്രഥമ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്, ഗാന്ധിസ്മൃതി പുരസ്‌കാരം തുടങ്ങി എണ്‍പതിലേറെ അംഗീകാരങ്ങള്‍ക്ക് വീരേന്ദ്രകുമാര്‍ അര്‍ഹനായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker