KeralaNews

താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകും: എംകെ മുനീറിന് ഭീഷണിക്കത്ത്

തിരുവനന്തപുരം: താലിബാനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍എ എംകെ മുനീറിന് ഭീഷണിക്കത്ത്.

ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകുമെന്നാണ് ഭീഷണി. ടൈപ്പ് ചെയ്ത നിലയില്‍ തപാലിലാണ് കത്ത് ലഭിച്ചത്.

താലിബാനെതിരേ മുനീര്‍ പങ്കുവച്ചു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാന്‍ ജനത എന്നും കടന്നു പോയിട്ടുള്ളത്.

ഇപ്പോഴിതാ അശനിപാതം പോലെ അവര്‍ക്കു മീതെ വീണ്ടും താലിബാന്‍ എന്ന വിപത്ത് വന്നു ചേര്‍ന്നിരിക്കുന്നു.

മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാന്‍. ഇത്തരം തീവ്രമായ മനുഷ്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ രാഷ്ട്രീയം ജാതിയുടെയും മതത്തിന്റെയും സത്വത്തിന്റെയും പേരില്‍ മുന്നോട്ട് വെക്കുന്ന എല്ലാ ഐഡിയോളജിയും അപകടകരവും ജനങ്ങളുടെ സൈ്വര ജീവിതത്തിന് വിഘാതവുമാണ്. വിശ്വാസത്തിന്റെ ഏത് തലങ്ങള്‍ വെച്ച് നോക്കിയാലും താലിബാന്‍ മനുഷ്യവിരുദ്ധമാണ്. എതിര്‍ക്കപ്പെടേണ്ടതാണ്.

കൂട്ടപലായനം ചെയ്യുന്ന,ജീവനും കൊണ്ടോടുന്ന മനുഷ്യരെ എങ്ങനെയാണ് നാം അഭിസംബോധനം ചെയ്യുക..?

താലിബാനെ ഭയന്നാണ് അവര്‍ സ്വജീവനും കൊണ്ടോടുന്നത്. അവരുടെ സ്ഥാനത്ത് നാം നമ്മെ ഒന്ന് സങ്കല്പിച്ചു നോക്കുക. ഈ കഴിഞ്ഞ ഒരു മാസത്തിനിടക്ക് ആയിരക്കണക്കിന് സാധാരണ വിശ്വാസികളെയാണ് താലിബാന്‍ വധിച്ചത്. സ്ത്രീകളെ തട്ടിക്കൊണ്ടു പോവുക, സ്ത്രീകള്‍ സ്‌കൂളില്‍ പോവരുത്, ജോലി ചെയ്യരുത് തുടങ്ങിയ അവസ്ഥയാണ് അഫ്ഗാനില്‍ താലിബാന്‍ ഉണ്ടാക്കിയത്.

സാമ്രാജ്യത്വ താല്പര്യങ്ങള്‍ ജന്മം നല്‍കിയ താലിബാന്‍ പിന്നീട് അഫ്ഗാന്‍ ജനതക്കു മീതെ പതിച്ച വിപത്തായി മാറുന്നതാണ് ലോകം കണ്ടത്. ഹിംസയുടെ ഇത്തരം രീതിശാസ്ത്രങ്ങള്‍ ഒരിടത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.

താലിബാന്‍ പ്രതിനിധാനം ചെയ്യുന്ന വിവേചനത്തിന്റെ ഹിംസാത്മക പ്രത്യയ ശാസ്ത്രത്തെ ഒരര്‍ത്ഥത്തിലും അംഗീകരിക്കാനാവില്ല. മനുഷ്യരെ വിഭജിക്കുന്ന ഒരു ഫാഷിസ്റ്റ് വര്‍ഗീയവാദത്തോടും സന്ധി ചെയ്യുന്ന പ്രശ്നമില്ല.

ഏതൊരു തീവ്രതയെയും എതിര്‍ക്കുന്ന പ്രത്യേയശാസ്ത്രമാണ് ഇസ്ലാം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ സംഘത്തെയും മത വിരുദ്ധവും മനുഷ്യവിരുദ്ധവും അല്ലെന്ന് പറയാന്‍ ആര്‍ക്കാണ് സാധിക്കുക!

അഫ്ഘാന്‍ ജനതയോട് ഐക്യപ്പെടുന്നു. അവിടെ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ലോകം മുന്നോട്ട് വരട്ടെ…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker