FeaturedKeralaNews

‘ആഞ്ഞടിച്ച് ഹൈക്കോടതി ‘ എന്നൊക്കെ ബ്രേക്കിങ്ങ് കൊടുക്കാറുള്ള ചാനലുകള്‍ എന്തേ ഈ വാര്‍ത്ത ഒരു വരി പോലും കൊടുക്കാത്തത്, അതിനു കാരണം ഇതാണ് ; മാദ്ധ്യമങ്ങള്‍ക്ക് നേരെ തുറന്നടിച്ച് എംബി രാജേഷ്

തിരുവനന്തപുരം : മാദ്ധ്യമങ്ങള്‍ക്ക് നേരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്. മാദ്ധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ഹൈക്കോടതി നടപടിയെ കുറിച്ചായിരുന്നു മുന്‍ എംപി മാദ്ധ്യമങ്ങളെ വിമര്‍ശിച്ചത്. മാദ്ധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ സ്ഥിരീകരിച്ച ശേഷം മാത്രം നല്‍കുക എന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ എംപിയുടെ വിമര്‍ശനം.

‘ആഞ്ഞടിച്ച് ഹൈക്കോടതി ‘ എന്നൊക്കെ ബ്രേക്കിങ്ങ് കൊടുക്കാറുള്ള ചാനലുകള്‍ എന്തേ ഈ വാര്‍ത്ത ഒരു വരി പോലും കൊടുക്കാത്തത്?! കാരണം. ഹൈക്കോടതി ആഞ്ഞടിച്ചത് മാദ്ധ്യമങ്ങള്‍ക്കെതിരെ തന്നെയായിരുന്നു. അതും മാരകമായ പ്രഹരം. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹൈക്കോടതി മാദ്ധ്യമങ്ങള്‍ക്ക് നേരെ ഉന്നയിച്ചിട്ടുള്ള ചോദ്യങ്ങളും വിമര്‍ശനങ്ങളും രാജേഷ് കുറിപ്പില്‍ നല്‍കിയിട്ടുണ്ട്.

രാവിലത്തെ പത്രങ്ങള്‍ വായിക്കുകയും വാര്‍ത്താ ചാനലുകള്‍ കാണുകയും ചെയ്യുമ്പോള്‍ പ്രതികള്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ നല്‍കിയതായി പറയുന്ന കുറ്റസമ്മതം പോലീസ് ചോദിച്ച ചോദ്യങ്ങള്‍ പ്രതികള്‍ പറഞ്ഞതായി അനുമാനിക്കുന്ന ഉത്തരങ്ങള്‍ എന്നിവയൊക്കെ കാണാം. മാദ്ധ്യമങ്ങള്‍ക്ക് ഈ ശകലങ്ങള്‍ എവിടന്ന് കിട്ടുന്നു എന്നറിയില്ല. കുറ്റാന്വോഷണത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്ന ഒരാള്‍ നാണം മൂലം ഈ വാര്‍ത്തകളെല്ലാം തള്ളും. ‘തലവാചകങ്ങള്‍ ഇടുന്നതിനും ബ്രേക്കിങ്ങ് ന്യൂസ് കൊടുക്കുന്നതിനും മുമ്പ് ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ 24 ആം വകുപ്പെങ്കിലും ഒന്ന് വായിച്ചു നോക്കണമെന്നാണ് എനിക്ക് റിപ്പോര്‍ട്ടര്‍മാരോടും അവതാരകരോടും പറയാനുള്ളത്. കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പ്രത്യാഘാതം ഗൗരവമായിരിക്കും. ഈ കോടതിക്ക് ക്രിമിനല്‍ നീതിന്യായ നിര്‍വ്വഹണത്തില്‍ നിശ്ശബ്ദ കാഴ്ചക്കാരായിരിക്കാനാവില്ലെന്നും കോടതി പറഞ്ഞതായി അദ്ദേഹം കുറിപ്പില്‍ പറയുന്നു.

എംബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

നാലാംതൂണിന് നാഥനില്ലേ?
…… ……….. ……….
‘ആഞ്ഞടിച്ച് ഹൈക്കോടതി ‘ എന്നൊക്കെ ബ്രേക്കിങ്ങ് കൊടുക്കാറുള്ള ചാനലുകള്‍ എന്തേ ഈ വാര്‍ത്ത ഒരു വരി പോലും കൊടുക്കാത്തത്?! കാരണം. ഹൈക്കോടതി ആഞ്ഞടിച്ചത് മാദ്ധ്യമങ്ങള്‍ക്കെതിരെ തന്നെയായിരുന്നു.അതും മാരകമായ പ്രഹരം. ഇന്ന് (15.10.2020) ഒരു കേസിലെ (BA.No. 5390/2020) ജാമ്യ ഉത്തരവില്‍ ഹൈക്കോടതി എഴുതിവെച്ചിരിക്കുന്നത് മാദ്ധ്യമങ്ങളുടെ തൊലിയുരിക്കുന്ന വാചകങ്ങളാണ്.
‘രാവിലത്തെ പത്രങ്ങള്‍ വായിക്കുകയും വാര്‍ത്താ ചാനലുകള്‍ കാണുകയും ചെയ്യുമ്പോള്‍ പ്രതികള്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ നല്‍കിയതായി പറയുന്ന കുറ്റസമ്മതം പോലീസ് ചോദിച്ച ചോദ്യങ്ങള്‍ പ്രതികള്‍ പറഞ്ഞതായി അനുമാനിക്കുന്ന ഉത്തരങ്ങള്‍ എന്നിവയൊക്കെ കാണാം. മാദ്ധ്യമങ്ങള്‍ക്ക് ഈ ശകലങ്ങള്‍ എവിടന്ന് കിട്ടുന്നു എന്നറിയില്ല. കുറ്റാന്വോഷണത്തിന്റെ ബാലപാഠങ്ങള്‍ അറിയുന്ന ഒരാള്‍ നാണം മൂലം ഈ വാര്‍ത്തകളെല്ലാം തള്ളും.
‘തലവാചകങ്ങള്‍ ഇടുന്നതിനും ബ്രേക്കിങ്ങ് ന്യൂസ് കൊടുക്കുന്നതിനും മുമ്പ് ഇന്ത്യന്‍ തെളിവ് നിയമത്തിന്റെ 24 ആം വകുപ്പെങ്കിലും ഒന്ന് വായിച്ചു നോക്കണമെന്നാണ് എനിക്ക് റിപ്പോര്‍ട്ടര്‍മാരോടും അവതാരകരോടും പറയാനുള്ളത്. ‘ ജഡ്ജി ഉത്തരവില്‍ എഴുതി. അതായത് നിയമത്തിന്റെ ബാലപാഠമെങ്കിലുമറിയണം വാര്‍ത്ത എഴുതുന്നതിനും വാചകമടിക്കുന്നതിനും മുമ്പ് എന്നര്‍ത്ഥം.
‘മുരുകേശന്‍ കേസില്‍ ഈ കോടതി തന്നെ ആവിഷ്‌ക്കരിച്ച തത്വവും വായിക്കണം.’ കോടതി പറഞ്ഞു. ഇതൊക്കെ വായിക്കാനും പഠിക്കാനും ആര്‍ക്കു നേരം? അജണ്ടകള്‍ക്കും റേറ്റിങ്ങിനുമൊപ്പം ഉറഞ്ഞു തുള്ളുന്നതിനിടയില്‍ .
തുടര്‍ന്ന് കോടതി പറഞ്ഞ വാചകമെങ്കിലും വായിച്ചിരിക്കുന്നത് മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നല്ലതാണ്. അതിതാണ്-
‘ ഞാന്‍ നേരത്തേ നിരീക്ഷിച്ചതു പോലെ, ഈ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പ്രത്യാഘാതം ഗൗരവമായിരിക്കും. ഈ കോടതിക്ക് ക്രിമിനല്‍ നീതിന്യായ നിര്‍വ്വഹണത്തില്‍ നിശ്ശബ്ദ കാഴ്ചക്കാരായിരിക്കാനാവില്ല ‘. കേട്ടല്ലോ? മാദ്ധ്യമപിത്തലാട്ടങ്ങള്‍ പരിധി വിട്ടാല്‍ നിയമമറിയിക്കേണ്ടി വരുമെന്ന്.
ഇതേ ഹൈക്കോടതി ഏതാനും മാസം മുമ്പും മാദ്ധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
‘ കെട്ടിച്ചമച്ച കിംവദന്തികള്‍ പ്രചരിപ്പിക്കാനുള്ളതല്ല മാദ്ധ്യമപ്രവര്‍ത്തനം. സത്യം പറയലാണ് മാദ്ധ്യമങ്ങളുടെ പണി.ഗോസിപ്പുകള്‍ക്ക് പുറകേ പോകരുത്. വാര്‍ത്തകളുടെ ആധികാരികത ഉറപ്പു വരുത്തണം. ഏതെങ്കിലും വ്യക്തി അല്ലെങ്കില്‍ ജന വിഭാഗത്തിന്റെ പ്രതിച്ഛായ മോശമാക്കാനാവരുത് വാര്‍ത്ത. തെറ്റായ വാര്‍ത്തകള്‍ പിന്നീട് തിരുത്തിയാലും ഖേദം പ്രകടിപ്പിച്ചാലും ജനങ്ങള്‍ എല്ലാവരും അത് കണ്ടു കൊള്ളുന്ന മെന്നില്ല.’
അടുത്തിടെയാണ് സുപ്രീം കോടതി, ടെലിവിഷന്‍ ചര്‍ച്ചകളില്‍ സ്വന്തം അഭിപ്രായം അടിച്ചേല്പിക്കുന്ന, പാനലിസ്റ്റുകളെ സംസാരിക്കാന്‍ അനുവദിക്കാതെ സ്വയം സംസാരിച്ചുകൊണ്ടേയിരിക്കുന്ന അവതാരകരെ വിമര്‍ശിച്ചത്. മുംബൈ , ആന്ധ്ര, ചെന്നൈ ഹൈക്കോടതികളും ഈയിടെ മാദ്ധ്യമങ്ങളുടെ ദുഷ്പ്രചരണത്തിനും സമാന്തര വിചാരണക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.കഴിഞ്ഞ ദിവസമാണ് കേസുകളില്‍ മാദ്ധ്യമങ്ങള്‍ നടത്തുന്ന വിചാരണ ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ വിമര്‍ശനമുന്നയിച്ചത്.
ഉന്നത നീതിപീഠങ്ങള്‍ പോലും മാദ്ധ്യമങ്ങളുടെ വിശ്വാസ്യതക്കു നേരെ ഗൗരവമേറിയ ചോദ്യങ്ങളുയര്‍ത്തുമ്പോള്‍ മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവര്‍ത്തകരും തിരുത്തുമോ?.രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും കച്ചവട താല്‍പര്യങ്ങള്‍ക്കുമായി മാദ്ധ്യമങ്ങള്‍ സ്വന്തം വിശ്വാസ്യതകളഞ്ഞു കുളിക്കുന്നതിന്റെ നഷ്ടം ജനാധിപത്യത്തിനാണ്. അതവര്‍ തിരിച്ചറിയുമോ? സ്വന്തം വിശ്വാസ്യതക്ക് അവര്‍ സ്വയം വില കല്പിക്കുമോ? ജനങ്ങളോട് ഇനിയെങ്കിലും സത്യസന്ധതയും ഉത്തരവാദിത്തവും പുലര്‍ത്തുമോ?
എം.ബി.രാജേഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker