KeralaNewspravasi

ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എംഎ യൂസഫ് അലി,ഹെലികോപ്റ്ററിൽ നിന്ന് വീണ ശേഷം ശ്രദ്ധ കിട്ടാൻ ചെയ്ത കൃത്യമല്ല ബെക്സിൻ്റെ മോചനം

തിരുവനന്തപുരം:വധശിക്ഷയിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തിയ ബെക്സ് കൃഷ്ണന് ജോലി വാഗ്ദാനം ചെയ്ത് വ്യവസായി എംഎ യൂസഫ് അലി. ചോരപ്പണം നൽകി ബെക്സിന് മരണത്തിൽ നിന്ന് രക്ഷിച്ച ശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പലരും കരുതുന്നത് ഇത് താൻ ഹെലികോപ്റ്ററിൽ നിന്ന് വീണ ശേഷം ശ്രദ്ധ കിട്ടാൻ ചെയ്ത കാര്യമെന്നാണ്. എന്നാൽ അങ്ങിനെയല്ല. ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ വർഷങ്ങളായി ഞങ്ങൾ പരിശ്രമിക്കുന്നുണ്ട്. നിരന്തരം ചർച്ച നടത്തി കഴിഞ്ഞ ജനുവരിയിലാണ് പണം കെട്ടിവച്ചത്. മനുഷ്യജീവന് പണമല്ല വലുത്. പണം കൊടുത്താലും രക്ഷപ്പെടാൻ സാധിക്കാത്ത എത്രയോ സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. മനുഷ്യനാണ് മനുഷ്യനെ രക്ഷപ്പെടുത്തേണ്ടതെന്നാണ് ഞാൻ കരുതുന്നത്. ബെക്സ് കൃഷ്ണന്റെ കാര്യത്തിൽ എംബസിയുടെ ഭാഗത്ത് നിന്ന് നല്ല സഹകരണം ഉണ്ടായി,’ എന്നും അദ്ദേഹം പറഞ്ഞു.

‘മരിച്ച സുഡാനി കുട്ടിയുടെ കുടുംബം ദിയ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. പണം വാങ്ങിയാൽ മകനെ തിരിച്ച് കിട്ടുമോയെന്നായിരുന്നു കുട്ടിയുടെ മാതാപിതാക്കൾ ചോദിച്ചത്. അതുകൊണ്ട് അവരോട് ദീർഘമായി സംസാരിക്കേണ്ടി വന്നു. ബെക്സ് കൃഷ്ണന്റെ കുടുംബത്തെ കുറിച്ചൊക്കെ അവരോട് പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. ദിയ അവരുടെ അവകാശമാണ്. നിരന്തരം ചർച്ച ചെയ്താണ് അവരുടെ തീരുമാനം മാറ്റിയത്,’ എന്നും യൂസഫലി അറിയിച്ചു.

‘ബെക്സ് കൃഷ്ണന് ജോലി ശരിയാക്കി കൊടുക്കും. ഇപ്പോൾ ജയിലിൽ നിന്ന് വന്നതല്ലേയുള്ളൂ. ഒരു ആറ് മാസം അദ്ദേഹം കുടുംബത്തോടൊപ്പം കഴിയട്ടെ. അത് കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിൽ എവിടെയെങ്കിലും തന്നെ ബെക്സിന് ജോലി ശരിയാക്കിക്കൊടുക്കും,’ എന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ കേരളത്തിലും രാജ്യത്തും ലോകത്താകെയും തൊഴിലില്ലായ്മയാണ് വലിയ വെല്ലുവിളിയെന്ന് എംഎ യൂസഫലി പറഞ്ഞു. നമസ്തേ കേരളത്തിൽ രണ്ടാം പിണറായി സർക്കാരിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘തൊഴിലില്ലായ്മ പരിഹരിക്കാൻ കൂടുതൽ നിക്ഷേപം കേരളത്തിലെത്തേണ്ടതുണ്ട്. വിദേശ നിക്ഷേപവും സ്വകാര്യ നിക്ഷേപവും പ്രവാസികളുടെ ഭാഗത്ത് നിന്നുള്ള നിക്ഷേപവുമെല്ലാം കേരളത്തിലെത്തേണ്ടതുണ്ട്.’

‘ബിസിനസ് മാത്രം നോക്കിയല്ല താൻ നിക്ഷേപം നടത്തുന്നത്. രാഷ്ട്രീയം നോക്കിയുമല്ല നിക്ഷേപം നടത്തുന്നത്. യുപിയിൽ മൂന്ന് ഫുഡ് പ്രൊസസിങ് യൂണിറ്റുണ്ട്. അത് രാഷ്ട്രീയം നോക്കി നിക്ഷേപം നടത്തിയതല്ല. അവിടെ കുറച്ച് പേർക്ക് ജോലി കൊടുക്കാൻ കഴിയുമ്പോൾ വളരെയേറെ സംതൃപ്തിയുണ്ട്,’ അദ്ദേഹം പറഞ്ഞു.

‘കൊവിഡ് കാലത്ത് വളരെ ബുദ്ധിമുട്ടോടെയാണ് ജീവിക്കുന്നത്. വാക്സീൻ വന്നപ്പോൾ ഈ പ്രതിസന്ധിയെ മറികടക്കാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ അതിപ്പോൾ മങ്ങുകയാണ്. കൊവിഡ് നെഗറ്റീവായവർ വരെ മറ്റ് രോഗങ്ങൾ മൂലം മരിക്കുന്നു. എല്ലാ നല്ല കാര്യവും ബുദ്ധിമുട്ടുള്ള കാര്യങ്ങളും ദൈവം തരുന്നതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതുകൊണ്ട് ഹെലികോപ്റ്ററിൽ യാത്ര ചെയ്യാൻ ഭയമില്ല. ഇനിയും ഹെലികോപ്റ്ററിൽ തന്നെ യാത്ര ചെയ്യും. ദൈവം എന്തോ നിശ്ചയിച്ചു. അത് നടക്കുന്നു. ലോകത്തിന്റെ പ്രാർത്ഥന തനിക്കൊപ്പം ഉണ്ടായിരുന്നു,’ എന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker