തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും. ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ ഇടത്തരം മഴയ്ക്കാണ് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ സാധ്യതകൾ നൽകിയെങ്കിലും ഇന്നും നാളെയും ഒരു ജില്ലകളിലും മഴ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.
തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുകയാണ്. തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ മധ്യഭാഗത്തായി ന്യുനമർദ്ദം രൂപപ്പെട്ടു അടുത്ത രണ്ടു ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിച്ചു തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ബുധനാഴ്ചയും ( 18/12/2024 ) മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വ്യാഴാചയും ( 19/12/2024 ) യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ മഴ വിട്ടുനിൽക്കുന്ന സാഹചര്യമായതിനാൽ ഈ ദിവസങ്ങളിലെ മഴ അലേർട്ടുകളിൽ മാറ്റം വരാനുള്ള സാധ്യത കൂടുതലാണ്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. പകൽ സമയം തെളിഞ്ഞ കാലാവസ്ഥയും വൈകിട്ടോടെ നേരിയ ഒറ്റപ്പെട്ട മഴയുമാണ് ഭൂരിഭാഗം ജില്ലകളിലും ലഭിക്കുന്നത്. മലയോര ജില്ലകളിലും സമാനമായ കാലാവസ്ഥയാണ് തുടരുന്നത്. മലയോര മേഖലകളിൽ രാവിലെയും വൈകിട്ടും ശക്തമായ തണുപ്പ് അനുഭവപ്പെടുന്നുണ്ട്. മലയോര ജില്ലകളിലേക്കുള്ള യാത്രകൾക്ക് പ്രത്യേക ജാഗ്രത മുന്നറിയിപ്പുകൾ നൽകിയിട്ടില്ല
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്
തെക്കൻ തമിഴ്നാട് തീരം, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മന്നാർ, തെക്ക് കിഴക്കൻ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും ഇന്ന് സാധ്യതയുണ്ട്.