അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റിന് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കൊച്ചി: അറബിക്കടലില്‍ ലക്ഷദ്വീപിനും കേരളത്തിനും ഇടയില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതാണ് ശക്തമായ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 36 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറിയേക്കും. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടാല്‍ ചുഴലിക്കാറ്റുണ്ടാകാനും സാധ്യതയുണ്ട്. 24 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ നിഗമനം. ഇതിന് ശേഷം ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ, ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണെന്നുളള മുന്നറിയിപ്പും നല്‍കുന്നുണ്ട്. കന്യാകുമാരി തീരത്ത് നിലവിലുള്ള ചക്രവാതച്ചുഴിക്കു (സൈക്ലോണിക് സര്‍ക്കുലേഷന്‍) പിന്നാലെ തമിഴ്നാട്-ആന്ധ്രപ്രദേശ് തീരത്താണ് പുതിയ ന്യൂനമര്‍ദ്ദം രൂപമെടുക്കുന്നത്.