‘ഞങ്ങള്‍ മരിക്കാന്‍ പോകുന്നു’ അതിരപ്പിള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളെ പോലീസ് ആശുപത്രിയിലെത്തിച്ചു
ചാലക്കുടി: അതിരപ്പിള്ളിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളെ പോലീസ് ആശുപത്രിയിലെത്തിച്ചു. മതിലകം സ്വദേശിയായ 21 കാരനും വെള്ളാങ്കല്ലൂര്‍ സ്വദേശിനിയായ 15കാരിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ 5.30നാണ് അതിരപ്പിള്ളി പോലീസ് ഇവരെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. വീട്ടില്‍ വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഇരുവരും ഇന്നലെ വൈകീട്ട് വീടുവിട്ടിറങ്ങുകയായിരിന്നു. ഇരിങ്ങാലക്കുട പോലീസ് പെണ്‍കുട്ടിയെ കാണാതായതിന് കേസെടുത്തിരുന്നു.
ഇന്നു പുലര്‍ച്ചെ അതിരപ്പിള്ളി വെറ്റിലപ്പാറയില്‍വച്ച് കൈമുറിച്ചശേഷം ഇവര്‍ ഇരിങ്ങാലക്കുട സ്റ്റേഷനിലെ ഒരു പോലീസുകാരനെ വിളിച്ച് തങ്ങള്‍ മരിക്കാന്‍ പോകയാണെന്ന് അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ് അതിരപ്പിള്ളി പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അതിരപ്പിള്ളി പോലീസ് ഇവരെ അന്വേഷിക്കുന്നതിനിടെയാണ് ഇവര്‍ ബൈക്കില്‍ അതിരപ്പിള്ളി ഭാഗത്തേക്കു വരുന്നത് കണ്ടത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരിന്നു. ഇവര്‍ അമിതമായ ഗുളികകള്‍ കഴിച്ചിരുന്നതായും പോലീസ് പറഞ്ഞു.