കാമുകന്റെ വിവാഹം നിശ്ചയിച്ചതറിഞ്ഞ കാമുകി യുവാവിന്റെ മുന്നിലെത്തി പെട്രോള്‍ തലയിലൊഴിച്ചു,തീപ്പെട്ടികത്തും മുമ്പ് ബോധക്ഷയം,ലോക്ക്ഡൗണ്‍ തകര്‍ത്തെറിഞ്ഞ കൊച്ചിയിലെ പ്രേമകഥയുടെ ക്ലൈമാക്‌സ് ഇങ്ങനെ
കൊച്ചി:വീട്ടുകാരും നാട്ടുകാരുമറിയാതെ രഹസ്യവാസം.കല്യാണം കഴിയ്ക്കുന്നത് ഔട്ട് ഓഫ് ഫാഷനെന്ന് ആവര്‍ത്തിച്ച കാമുകന്‍ ഒടുവില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയാല്‍ എന്തുചെയ്യാന്‍.കാമുകനും മുന്നില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യയല്ലാതെ മാര്‍ഗ്ഗമില്ല.എന്നാല്‍ കഥാനായിക പെട്രോള്‍ ശരീരത്തില്‍ ഒഴിച്ചപ്പോള്‍ തന്നെ രൂക്ഷഗന്ധമടിച്ചു ബോധം കെട്ടതിനാല്‍ ഒന്നും നടന്നില്ല. സംഭവമിങ്ങനെ.
പത്തനംതിട്ട സ്വദേശിനിയായ യുവതിയും കൊല്ലം സ്വദേശിയായ യുവാവും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹം കഴിയ്ക്കാമെന്ന ഉറപ്പില്‍ വിവിധ ഇടങ്ങളില്‍ താമസിയ്ക്കുകയും ചെയ്തു.
ലോക്ക് ഡൗണ്‍ ഇവരുടെ ജീവിതത്തിലെക്ക് വില്ലനായി തടന്നുവന്നു.യുവതി പത്തനംതിട്ടയിലെ വീട്ടിലേക്ക് മടങ്ങി.പിന്നീട് ഫോണിലൂടെയായി സംസാരം.എന്നാല്‍ ലോക്ക്ഡൗണ്‍ നീണ്ടതോടെ ഇരുവരും തമ്മിലുള്ള സംസാരത്തിന്റെ ദൈര്‍ഘ്യം കുറഞ്ഞു.ഇതോടെ കാമുകിയ്ക്ക് സംശയമായി.
സുഹൃത്തുക്കള്‍ വഴി നടത്തിയ അന്വേഷണത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായെന്നും വിവാഹം ഉറപ്പിച്ചതായും യുവതി അറിഞ്ഞു. തുടര്‍ന്ന് യുവതി ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് കിട്ടിയതോടെ തിരികെ പുതിയറോഡിലുള്ള ഹോസ്റ്റലില്‍ എത്തി. വീട്ടില്‍ നിന്നും വന്ന യുവതി പെട്രോള്‍ പമ്പില്‍ നിന്നും ഒരു കുപ്പി നിറയെ പെട്രോളുമായാണ് എത്തിയത്.
കാമുകനെ തന്ത്രപൂര്‍വ്വം വെണ്ണലയിലേക്ക് വിളിച്ചുവരുത്തി.ഇരുവരും കണ്ടു മുട്ടുകയും ചെയ്തു. തുടര്‍ന്ന് കാമുകനോട് മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച കാര്യത്തെ പറ്റി ചോദിച്ചു. ആദ്യം കാമുകന്‍ നിഷേധിച്ചെങ്കിലും യുവതി തെളിവു സഹിതം വീണ്ടും ചോദ്യം ചെയ്തതോടെ കാമുകന്‍ സമ്മതിക്കുകയായിരുന്നു. ഇതോടെ യുവതി കയ്യില്‍ കരുതിയ പെട്രോള്‍ തലവഴി ഒഴിക്കുകയും ബാഗില്‍ നിന്നും തീപ്പെട്ടി എടുക്കാനായി ശ്രമിക്കുകയും ചെയ്യുന്നതിനിടയില്‍ റോഡിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു. പേടിച്ചു പോയ കാമുകന്‍ വേഗംതന്നെ അടുത്തുള്ള കടയില്‍ നിന്നും വെള്ളം എടുത്തു കൊണ്ട് വന്ന് യുവതിയുടെ ശരീരത്തിലേക്ക് ഒഴിക്കുകയും വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ശരീരത്തിലെ പെട്രോള്‍ പൂര്‍ണ്ണമായും വൃത്തിയാക്കിയ ശേഷം യുവതിയെ ഹോസ്റ്റല്‍ ജീവനക്കാരെ വിളിച്ചു വരുത്തി വിട്ടു. ഹോസ്റ്റല്‍ ജീവനക്കാര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിളിച്ചു വരുത്തുകയും വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. വീട്ടുകാര്‍ യുവതിയോട് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് കൊല്ലം സ്വദേശിയായ യുവാവിനെ പറ്റിയുള്ള വിവരങ്ങള്‍ പറഞ്ഞത്.എന്തായാലും യുവതിയുടെ ഭീഷണിയെത്തിയതോടെ പുതിയ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന യുവാവ് വ്യക്തമാക്കിക്കഴിഞ്ഞു.