പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം; സുരക്ഷയുടെ ഭാഗമെന്ന് തട്ടിക്കൂട്ട് വിശദീകരണം
കോഴിക്കോട്: പുതുതായി വിതരണത്തിനെത്തിച്ച പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം. പാസ്പോര്‍ട്ട് ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിന് കീഴിലായാണ് ദീര്‍ഘ ചതുരാകൃതിയിലുള്ള കള്ളിയില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയിരിക്കുന്നത്. എന്തിനാണ് താമരചിഹ്നം അടയാളപ്പെടുത്തിയതെന്ന് സംശയം പ്രകടിപ്പിക്കുന്നവരോട് ഉദ്യോഗസ്ഥര്‍ക്കും മറുപടിയില്ല.
എന്നാല്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഡിസൈനില്‍ മാറ്റം വരുത്തിയതെന്ന് ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ അരുണ്‍ ചാറ്റര്‍ജി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നം പാസ്പോര്‍ട്ടില്‍ അച്ചടിച്ചിരിക്കുകയാണെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. മുമ്പ് നല്‍കിയിരുന്ന പാസ്പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെ ഭാഗം ശൂന്യമായിരുന്നു. എന്നാല്‍ ഈ ഭാഗത്താണ് ഇപ്പോള്‍ ദീര്‍ഘ ചതുരാകൃതിയില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയത്.
ദക്ഷിണേന്ത്യയില്‍ ആദ്യം ബംഗളൂരുവിലും പിന്നീട് കേരളത്തില്‍ കൊച്ചി പാസ്പോര്‍ട്ട് ഓഫീസിലുമാണ് ആദ്യം മാറ്റിയ ഡിസൈനിലുള്ള ബുക്ലെറ്റ് എത്തിയത്. ഇപ്പോള്‍ രാജ്യത്തെ 36 പാസ്പോര്‍ട്ട് ഓഫീസുകളിലും ഇതേ പാസ്പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നത്. കള്ള പാസ്പോര്‍ട്ട് തടയാനും സുരക്ഷ കൂട്ടാനുമാണ് ഡിസൈനില്‍ മാറ്റം വരുത്തിക്കൊണ്ട് ബുക്ലെറ്റ് ഇറക്കിയതെന്ന് ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ അരുണ്‍ ചാറ്റര്‍ജി പറഞ്ഞു.