CrimeKeralaNews

അടിച്ചു, മോനേ….ലോട്ടറി അടിച്ചു’’ പിന്നാലെ പോലീസും പിടിച്ചു

തൃശ്ശൂർ: നഗരത്തിലെ രാഗം തിയേറ്ററിന് സമീപം അമ്മ ലോട്ടറി ഏജൻസി. കഴിഞ്ഞദിവസം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുമായി ഒരാൾ ഇവിടെയെത്തി. ജീവനക്കാരൻ ടിക്കറ്റ് വാങ്ങിനോക്കി. ഒരേ സീരീസിലെ 12 ടിക്കറ്റുകൾ. ഓരോ ടിക്കറ്റിനും 5,000 രൂപ വീതം സമ്മാനം. ആകെ 60,000 രൂപ.
ജീവനക്കാരൻ സമ്മാനാർഹന് കസേര നീക്കിയിട്ടുകൊടുത്തു. ”ഇരിക്കൂ, പണം ഇപ്പോൾ തരാം…”

കാത്തിരിപ്പ് അധികം നീണ്ടില്ല. ഒരു പോലീസ് ജീപ്പ് കടയ്ക്കുമുന്നിലെത്തി. അതിൽനിന്നിറങ്ങിയ പോലീസുദ്യോഗസ്ഥൻ സമ്മാനാർഹനരികിലെത്തി സ്നേഹത്തോടെ ജീപ്പിലേയ്ക്ക് ക്ഷണിച്ചു. കണ്ടുനിന്നവർ അന്തംവിട്ടു. ചിലർ ദൃശ്യം മൊബൈലിൽ പകർത്തി. ഇതെന്തു കഥ, സമ്മാനാർഹനെ പോലീസ് പിടിക്കുകയോ?.

കുണ്ടന്നൂർ ആലപ്പാടൻ സ്റ്റാൻലിയാണ് അറസ്റ്റിലായ ‘സമ്മാനാർഹൻ’. 55-കാരനായ സ്റ്റാൻലി അറസ്റ്റിലായത് മോഷണത്തിന്.

കഥയുടെ ഫ്ലാഷ് ബാക്ക്…

കഴിഞ്ഞ ഓഗസ്റ്റ് 25-ന് പൂങ്കുന്നത്തിനടുത്ത് കുട്ടൻകുളങ്ങരയിൽ പലചരക്കുകടയിൽ മോഷണം നടന്നിരുന്നു. നഷ്ടപ്പെട്ടത് കടയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 15,000 രൂപയും വിൽപ്പനയ്ക്ക് വെച്ചിരുന്ന ലോട്ടറി ടിക്കറ്റുകളും.

പിറ്റേന്നു നടന്ന നറുക്കെടുപ്പിൽ മോഷ്ടിച്ച ടിക്കറ്റുകളിലെ ഒരേ സീരീസിലുള്ള 12 എണ്ണത്തിന് 5,000 രൂപ വീതം സമ്മാനം ലഭിച്ചെന്ന് കേസന്വേഷിക്കുന്ന തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരറിഞ്ഞു. ലോട്ടറി ടിക്കറ്റുകൾ പണമാക്കാൻ മോഷ്ടാവ് ശ്രമിക്കുമെന്ന് മനസ്സിലാക്കിയ പോലീസ് തൃശ്ശൂരിലെയും പരിസരത്തെയും ചില്ലറ വിൽപ്പനശാലകളിൽ മുന്നറിയിപ്പ് നൽകി. ഒപ്പം ജില്ലാ ലോട്ടറി ഓഫീസിലും വിവരമറിയിച്ചു.

നറുക്കെടുപ്പ് കഴിഞ്ഞ് 12-ാം ദിവസമാണ് സ്റ്റാൻലി സമ്മാനത്തുക വാങ്ങാൻ ടിക്കറ്റുമായി വിൽപ്പനശാലയിലെത്തിയത്. പോലീസുദ്യോഗസ്ഥർ അറിയിച്ച സീരീസിലെ ലോട്ടറി ടിക്കറ്റുകളാണ് സ്റ്റാൻലിയുടെ കൈയിലെന്ന് മനസ്സിലായപ്പോൾ വിൽപ്പനക്കാരൻ ഇയാളെ നയത്തിൽ കടയിലിരുത്തി. വിവരം വെസ്റ്റ് പോലീസിലറിയിക്കുകയായിരുന്നു.
ചോദ്യംചെയ്യലിൽ സ്റ്റാൻലി കുറ്റം സമ്മതിച്ചുവെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker