KeralaNews

ലോക കേരളസഭ: മുഖ്യമന്ത്രിക്ക് അഭിനന്ദനം

തിരുവനന്തപുരം: ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന്റ ഭാഗമായി. ആഗോള മലയാളി പ്രവാസി സമൂഹം നേരിടുന്ന വെല്ലുവിളികളും പ്രതീക്ഷകളും സംസ്ഥാനത്തെ നിയമസഭാംഗങ്ങളും എം.പിമാരും മന്ത്രിമാരും പ്രവാസി പ്രതിനിധികളുമായി ചർച്ച നടത്തി. സ്പീക്കർ എം.ബി. രാജേഷ് അദ്ധ്യക്ഷ്യത വഹിച്ചു.ഇന്ന് വൈകിട്ട് സ്പീക്കറും മുഖ്യമന്ത്രിയും നടത്തുന്ന പ്രഖ്യാപനങ്ങളോടെ സമ്മേളനം സമാപിക്കും.

അസുഖം മൂലം സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനും ,വെള്ളിയാഴ്ച നിശാഗന്ധിയിൽ നടന്ന പൊതുസമ്മേളനത്തിനും മുഖ്യമന്ത്രി എത്തിയിരുന്നില്ല. എങ്കിലും, പ്രവാസലോകത്തെ വലിയ സംഗമത്തിന് മൂന്നാമതും വേദിയൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്നലെ സമ്മേളനം അഭിനന്ദിച്ചു. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വലിയ പ്രയത്നങ്ങൾ നടത്തുന്ന മുഖ്യമന്ത്രി അഭിനന്ദനം അർഹിക്കുന്നതായി നോർക്ക ഡയറക്ടറും പ്രമുഖ വ്യവസായിയുമായ ഡോ. രവിപിള്ള പറഞ്ഞു. വൈജ്ഞാനിക മേഖലയിലേക്ക് മലയാളി സമൂഹം കൂടുതൽ വ്യാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

25000ത്തോളം വിദ്യാർത്ഥികൾ നൂറോളം യൂണിവേഴ്സിറ്റികളിലായി വിദേശത്ത് പഠിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള മലയാളി വിദ്യാർത്ഥികളുടെ കുടിയേറ്റത്തെ കുറിച്ച് വേൾഡ് എഡ്യൂക്കേഷൻ ഹോൾഡിംഗ് സി.ഇ.ഒ.വിദ്യാ വിനോദ് സംസാരിച്ചു.

പ്രളയത്തിലും പ്രകൃതി ദുരന്തങ്ങളിലും ഒന്നിച്ചു നിന്ന മലയാളികൾ നവകേരള നിർമ്മിതിയിലും കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിലും അണിനിരക്കണമെന്ന് പ്രമുഖ വ്യവസായി ഗൾഫാർ മുഹമ്മദലി പറഞ്ഞു.

നോർക്കയിൽ ഇതര സംസ്ഥാനങ്ങളിലെ മലയാളി പ്രവാസികളുടെ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന് മെഡിമിക്സ് ഗ്രൂപ്പ് മേധാവി എ.വി. അനൂപ് പറഞ്ഞു.

എട്ടാം ക്ലാസ് മുതൽ പാഠ്യപദ്ധതികളിൽ നൂതന സാങ്കേതിക വിദ്യ ഉൾപ്പെടുത്തണമെന്ന് അജിത് ബാലകൃഷ്ണൻ പറഞ്ഞു. എം.പിമാരായ എളമരം കരീം, ജോസ് കെ. മാണി, പി. സന്തോഷ്‌കുമാർ എന്നിവരും സംസാരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button