KeralaNewsRECENT POSTS

‘ഞങ്ങളും മനുഷ്യരാണ്, വെള്ളംപോലും കുടിക്കാതെയാണ് പലപ്പോഴും മണിക്കൂറുകളോളം ട്രെയിന്‍ ഓടിക്കുന്നത്’; ട്രാക്കില്‍ മൂത്രമൊഴിക്കുന്ന ലോക്കോ പൈലറ്റിനെ കളിയാക്കുന്നവരോട് മലയാളി ലോക്കോ പൈലറ്റ്

ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ലോക്കോ പൈലറ്റ് മൂത്രം ഒഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. വീഡിയോ വൈറലായതോടെ മാധ്യമങ്ങടക്കം ഇതു സംബന്ധിച്ച് വാര്‍ത്ത നല്‍കിയിരിന്നു. ഇതിനിടെ ഇത് ഷെയര്‍ ചെയ്തും കമന്റര് ചെയ്തും ആഘോഷിക്കുന്നവര്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളിയായ ലോക്കോ പൈലറ്റ് പ്രദീപ് ചന്ദ്രന്‍. തങ്ങളും മനുഷ്യരാണെന്നും വെള്ളം പോലും കുടിക്കാനാകാതെയാണ് പലപ്പോഴും മണിക്കൂറുകളോളം ട്രെയിന്‍ ഓടിക്കുന്നതെന്നും ഇതൊക്കെ കളിയാക്കുന്നവര്‍ മനസിലാക്കണമെന്നും പ്രദീപ് ചന്ദ്രന്‍ പറയുന്നു. തന്റെ ഫേസ്ബുക്കിലൂടെയാണ് പ്രദീപ് ചന്ദ്രന്റെ വിശദീകരണം.

പ്രദീപ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഇപ്പോഴത്തെ വൈറല്‍ വീഡിയോ ആണല്ലൊ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി ട്രാക്കില്‍ മൂത്രം ഒഴിക്കുന്നത് … ആ വീഡിയോ ആഘോഷിക്കുന്നവരും ആനന്ദം കൊള്ളുന്നവരും ഒന്ന് മനസ്സിലാക്കുക ലോക്കോ പൈലറ്റും മനുഷ്യരാണ് … കേരളത്തിന് വെളിയില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ് കുറവാണ് … ചെന്നൈ – വിജയവാഡ 430 km ആണ്… പല ട്രെയിനുകള്‍ക്കും ഇടയ്ക്ക് സ്റ്റോപ്പ് ഇല്ല … അത്രയും ദൂരം ട്രെയിനില്‍ ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്ന മറ്റ് സ്റ്റാഫുകള്‍ക്ക് ആഹാരം കഴിക്കാനും , പ്രാഥമിക ആവിശ്യങ്ങള്‍ നിര്‍വ്വഹിക്കാനും ഒരു ബുദ്ധിമുട്ടും ഇല്ല …
ട്രെയിന്‍ ഓടിച്ചു കൊണ്ടാണ് ലോക്കോ പൈലറ്റുമാര്‍ ആഹാരം കഴിക്കുന്നത് തന്നെ …. വഴിയില്‍ മലമൂത്ര ശങ്ക തോന്നും എന്ന് പേടിച്ച് ആഹാരം വളരെ കുറച്ച് മാത്രമേ കഴിക്കൂ … അത് പോലെ വെള്ളവും … വെള്ളം സമയത്ത് കുടിക്കാത്തത് കൊണ്ട് മിക്ക ലോക്കോ പൈലറ്റുമാര്‍ക്കും മൂത്ര സംബന്ധമായ പല അസുഖങ്ങളും വരാറുണ്ട് …
ഇനി മെമുവിന്റെ കാര്യം എടുത്താല്‍ , അതില്‍ ഒരു ലോക്കോ പൈലറ്റ് മാത്രമേയുള്ളു … ട്രെയിന്‍ ഓടുമ്പോള്‍ ലോക്കോ പൈലറ്റ് എപ്പോഴും DMH എന്നൊരു ഹാന്‍ഡില്‍ അമര്‍ത്തി പിടിച്ച് ആണ് ട്രെയിന്‍ ഓടിക്കേണ്ടത് … ഹാന്‍ഡിലില്‍ നിന്നും കൈ എടുത്താല്‍ ട്രെയിന്‍ അവിടെ നില്‍ക്കും … വാട്ടര്‍ബോട്ടിലില്‍ വെള്ളം ഉണ്ടെങ്കില്‍ പോലും വെള്ളം കുടിക്കാന്‍ കഴിയാറില്ല .. ട്രെയിന്‍ നിര്‍ത്തുമ്പോള്‍ വെള്ളക്കുപ്പിയുടെ അടപ്പ് തുറക്കുന്നതിന് മുമ്പ് തന്നെ ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പറയും … ആഹാരം കഴിക്കുക എന്നത് ഒരു സ്വപ്നം മാത്രം … സിംഗിള്‍ മാന്‍ വര്‍ക്കിംഗ് ആയത് കൊണ്ട് ട്രെയിന്‍ നിര്‍ത്തുമ്പോള്‍ ലോക്കോ പൈലറ്റിന് പുറത്ത് ഇറങ്ങാനും കഴിയില്ല .. തിരുവനന്തപുരത്ത് നിന്നും 12.50 ന് സ്റ്റാര്‍ട്ട് ചെയ്യുന്ന മെമു കന്യാകുമാരി പോയി തിരിച്ച് തിരുവനന്തപുരത്ത് വരാന്‍ വൈകിട്ട് 7.25 ആകും …. അത്രയും സമയം വെള്ളം കുടിക്കാതെ , ആഹാരം കഴിക്കാതെ , മൂത്രം ഒഴിക്കാതെ ജോലി ചെയ്യുന്ന ഒരു ലോക്കോ പൈലറ്റിന്റെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കു ..
ലോക്കോയില്‍ ടോയിലറ്റ് വയ്ക്കുക എന്നത് ഞങ്ങളുടെ വര്‍ഷങ്ങളായ ആവിശ്യമാണ് … പല നിവേദനങ്ങളും കൊടുത്തു , പക്ഷെ ഇപ്പോഴും ഞങ്ങള്‍ക്ക് ട്രാക്കില്‍ മൂത്രം ഒഴിക്കേണ്ട ഗതികേട് ആണ് , ദയവായി ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കൂ ….ലോക്കോ പൈലറ്റ് മൂത്രം ഒഴിക്കുന്ന വീഡിയോ എടുത്ത് ആഘോഷിക്കാതിരിക്കൂ … ഞങ്ങളും മനുഷ്യരാണ് ….
( എഞ്ചിനില്‍ ടോയ്ലറ്റ് വയ്ക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ട് ഉണ്ടാകാം , ഞങ്ങള്‍ക്ക് സ്റ്റേഷനുകളില്‍ പ്രാഥമിക ആവിശ്യം നിര്‍വ്വഹിക്കാനും , ആഹാരം കഴിക്കാനുമുള്ള സമയം അനുവദിച്ചാല്‍ ഞങ്ങള്‍ ഹാപ്പിയാണ് )
സി . പ്രദീപ്
ലോക്കോ പൈലറ്റ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker