കോലഞ്ചേരി: വിവാഹത്തിനായി വധു എത്തിയതു കോട്ടയം പുതുപ്പള്ളിയില്‍ നിന്ന് കോലഞ്ചേരി വരെ സ്വയം കാറോടിച്ച്. പുതുപ്പള്ളി പരിയാരം കാലായില്‍പറമ്പില്‍ ബാബു തോമസിന്റെയും ആനിയമ്മയുടെയും മകള്‍ മെര്‍ലിനാണു ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നു സ്വയം കാറോടിച്ചു വിവാഹത്തിന് എത്തിയത്.
കോലഞ്ചേരി നീറാംമുകള്‍ സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിലായിരുന്നു വിവാഹം. വധുവിനൊപ്പമെത്തിയതു മാതാപിതാക്കള്‍ മാത്രം.
നീറാംമുകള്‍ കുഴിക്കാട്ടുകുഴിയില്‍ പൗലോസിന്റെയും വത്സയുടെയും മകന്‍ എല്‍ദോ കെ. പൗലോസിന്റെയും മെര്‍ലിന്റെയും വിവാഹം നാലു മാസം മുന്‍പേ നിശ്ചയിച്ചതാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും വിവാഹം മാറ്റിവയ്ക്കേണ്ടതില്ലെന്നു ഇരുവരും തീരുമാനിക്കുകയായിരുന്നു. ഈസ്റ്റേണ്‍ ഗ്രൂപ്പില്‍ ഫിനാന്‍ഷ്യല്‍ മാനേജരാണു മെര്‍ലിന്‍. കൊച്ചിയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് എല്‍ദോ.