ലോക്ക് ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; അഞ്ചാംഘട്ട ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചേക്കും
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ വീണ്ടും നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍. രണ്ടാഴ്ച കൂടി രാജ്യത്തെ ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാലാംഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മേയ് 31-ന് മുമ്പ് ഇതു സംബന്ധിച്ചു പ്രഖ്യാപനമുണ്ടായേക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് 31-ന് റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ സംസാരിക്കുന്നുണ്ട്. അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ പ്രഖ്യാപനം മന്‍ കി ബാത്തിലൂടെ നടത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
അഞ്ചാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. നാലാംഘട്ട ദേശീയ ലോക്ക്ഡൗണ്‍ തുടങ്ങിയ ഘട്ടത്തില്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അധികാരം നല്‍കിയിരുന്നു.
അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷവും കടന്ന് മുന്നേറുകയാണ്. 1,51,767 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 6,387 പേര്‍ക്ക് കൊവിഡ് ബാധിക്കുകയും 140 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു ഇതോടെ മരണ സംഖ്യ 4,337 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 54,758 ആയി ഉയര്‍ന്നു. 2,091 പേര്‍ക്കാണ് രോഗം പുതുതായി പിടിപ്പെട്ടത്. സംസ്ഥാനത്തെ മരണ സംഖ്യ 1,792 ആയി. മുംബൈയില്‍ മാത്രം 32,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണം 17,728 ആയി. ചൊവ്വാഴ്ച മാത്രം രോഗം ബാധിച്ച് ഒന്‍പതു പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണം സംഖ്യ 127 ആയി. 24 മണിക്കൂറിനിടെ 646 പേര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗികളുടെ എണ്ണം ഗുജറാത്തിലും ഡല്‍ഹിയിലും വര്‍ധിക്കുകയാണ്. 14,821 പേര്‍ക്കാണ് ഗുജറാത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 915 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 14,465 പേര്‍ക്ക് രോഗം ബാധിച്ചു. 288 പേര്‍ ഇവിടെ മരിച്ചു.