ഏപ്രില്‍ വരെ എല്ലാവരും വീട്ടില്‍ കഴിയേണ്ടി വന്നേക്കുമെന്ന് ആശങ്ക,കോവിഡിന്റെ രണ്ടാം വരവ് അതിതീവ്രം
ലണ്ടന്‍:2021 പിറന്നിട്ടും കോവിഡ് മഹാമാരി ലോകത്തെ വരിഞ്ഞുമുറുക്കുന്നു. ബ്രിട്ടണിലാണ് സ്ഥിതി അതീവ ഗുരുതരമായി തുടരുന്നത്. സൂപ്പര്‍ സ്‌പ്രെഡ് കോവിഡാണ് ഇപ്പോള്‍ ബ്രിട്ടണിലില്‍ മരണതാണ്ഡവമാടുന്നത്. 964 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്..
55,892 പേരില്‍ പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഭയപ്പെടുത്തി കോവിഡ് വ്യാപന നിരക്ക് ഉയരുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലേത് പോലെ നാഷണല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ശാസ്ത്രജ്ഞന്മാര്‍. സ്‌കൂളുകള്‍ എല്ലാം തന്നെ അടയ്ക്കണമെന്നതാണ് പ്രധാന നിര്‍ദ്ദേശം. എന്നാല്‍ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ രണ്ടാം വരവില്‍ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നില്‍ക്കുകയാണ് രാജ്യം..
പുതു വര്‍ഷത്തില്‍ ടിയര്‍-5 നിയന്ത്രണങ്ങളിലേക്കാണ് രാജ്യം കടക്കുന്നത്. ക്രിസ്തുമസ് സമയത്ത് ടിയര്‍-4 ആയ കൗണ്ടിക്കാരാണ് ടിയര്‍ 5 നിയന്ത്രണങ്ങളില്‍ വീടിന് പുറത്തിറങ്ങാതെ കഴിയേണ്ടി വരുന്നവര്‍. ഇതോടെ പുതുവത്സരത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാതെ വീടിനുള്ളില്‍ തന്നെ കഴിയേണ്ടി വരും. കെന്റ്, ലണ്ടന്‍, എസക്‌സ് തുടങ്ങിയ സ്ഥലങ്ങളില്‍ കോവിഡ് പിടിപെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. അടുത്ത ആഴ്ചകളില്‍ ടെസ്റ്റ് നടത്തിയ പല പ്രദേശങ്ങളിലെയും മൂന്ന് ശതമാനം ജനങ്ങളിലും കോവിഡ് പിടിപെട്ടതായി കണ്ടെത്തി. ഈ പ്രദേശങ്ങളിലായിരിക്കും ആദ്യം ടിയര്‍-5 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ടിയര്‍-5 കഴിഞ്ഞാല്‍ അടുത്ത ലെവല്‍ നിയന്ത്രണങ്ങളെ കുറിച്ച് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കോവിഡ് ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാകും.