
കാസര്‍കോട്: പൈവളിഗ സ്വദേശികളായ പത്താംക്ലാസ് വിദ്യാര്‍ഥിനിയേയും അയല്‍വാസിയേയും തൂങ്ങമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി നാട്ടുകാര്‍. അന്വേഷണത്തില്‍ പൊലീസിന് വീഴ്ച്ച സംഭവച്ചതിനെതിരെയാണ് വ്യാപകമായി വിമര്‍ശനം. മൃതദേഹം കണ്ടെടുത്ത പ്രദേശത്ത് ഇരുവരുടെയും ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നെങ്കിലും പൊലീസ് അന്വേഷണത്തില്‍ അലംഭാവം കാണിച്ചെന്നാണ് ആക്ഷേപം. പെണ്‍കുട്ടിയെ കാണാതായി 26 ദിവസം കഴിഞ്ഞിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്നാണ് നാട്ടുകാര്‍ വിമര്‍ശനം ഉന്നയിക്കുന്നത്.
കുട്ടി അയല്‍വാസിയുമായി മുംബൈയിലേക്ക് ഒളിച്ചോടിയെന്നാണ് കഥകള്‍ പരന്നിരുന്നത്. കുടുംബവും ബന്ധുക്കളും പറഞ്ഞതനുസരിച്ച് ഇരുവരും മുംബൈയിലേക്ക് ഉള്‍പ്പെടെ പോയി എന്ന ചര്‍ച്ചകള്‍ പൊലീസും വിശ്വസിക്കുകയായിരുന്നു. ഇവരുടെ ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിക്കുകയും ഡ്രോണ്‍ പരിശോധന നടത്തുകയും ചെയ്തിരുന്നുവെങ്കിലും ഒരു തുമ്പും കണ്ടെത്താനായിരുന്നില്ല.
പോക്‌സോ കേസ് ആയിട്ടുപോലും പൊലീസ് വേണ്ട രീതിയില്‍ എടുത്തില്ല. ടവര്‍ ലൊക്കേഷന്‍ നിസാരവല്‍ക്കരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. തുടര്‍ന്ന് ആഭ്യന്തര വകുപ്പ് ഇടപെട്ടതോടെയാണ് പൊലീസ് ഊര്‍ജ്ജിതമായി വിഷയം അന്വേഷിക്കുന്നത്. ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയിട്ടും പൊലീസ് കാര്യക്ഷമമായി അന്വേഷിക്കാതിരുന്നത് ഗുരുതരമായ വീഴ്ച്ചയാണ്. അവിടെ നിന്നും മൃതദേഹമെങ്കിലും കണ്ടെത്താന്‍ പോലും കഴിയാതിരുന്നത് പൊലീസിന് വീഴ്ച്ച പറ്റിയതിന് തെളിവാണിത്. രൂക്ഷമായ ഗന്ധം ഉണ്ടാവാന്‍ സാധ്യതയുണ്ടായിരുന്നിട്ടും പൊലീസ് നായകളെ പോലും ഉപയോഗിച്ച് ഒരു തുമ്പും കണ്ടെത്താന്‍ ശ്രമിച്ചില്ല.
വളരെ വൈകിയാണ് പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതും. ആദ്യഘട്ടത്തില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടത്തിയില്ല, ടവര്‍ ലൊക്കേഷന്‍ വരെ കണ്ടെത്തിയിട്ടും തിരച്ചില്‍ കാര്യക്ഷമമാക്കിയില്ല, പൊലീസിന്റെ നിസാരവല്‍ക്കരണമാണ് ഇത്രയും വൈകിയത് എന്നിങ്ങനെയാണ് വിമര്‍ശനം. പെണ്‍കുട്ടിയുടെയും പ്രദീപിന്റെയും അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ച പ്രദേശത്ത് നിന്ന് തന്നെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഫെബ്രുവരി 12-ന് പുലര്‍ച്ചെ വീട്ടില്‍നിന്ന് കാണാതായ പതിനഞ്ചുകാരിക്കുവേണ്ടിയുള്ള തിരച്ചിലിലായിരുന്നു ദിവസങ്ങളോളം ആ നാടുമുഴുവന്‍. ഒടുവില്‍, പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ചുകൊണ്ട് 26 ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയേയും അയല്‍വാസി പ്രദീപിനേയും പെണ്‍കുട്ടിയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള കാട്ടിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫെബ്രുവരി 11-ന് സഹോദരിക്കൊപ്പം ഉറങ്ങാന്‍കിടന്ന പെണ്‍കുട്ടിയെ കാണുന്നില്ലെന്ന വിവരം അനുജത്തിയാണ് മാതാപിതാക്കളെ അറിയിച്ചത്. വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നാണ് മകള്‍ പുറത്തേക്ക് പോയതെന്ന് രക്ഷിതാക്കള്‍ക്ക് മനസ്സിലായി. പിന്നീട് തിരച്ചിലായിരുന്നു. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി.
കുമ്പള പോലീസ് സ്റ്റേഷനിലാണ് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നത്. പോലീസിന്റെ സംശയം ഓട്ടോഡ്രൈവറായ പ്രദീപിലേക്ക് നീണ്ടു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിശ്വസ്തനായിരുന്നു പ്രദീപ്. പെണ്‍കുട്ടിയുടെ അച്ഛന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നത് പ്രദീപായിരുന്നു. ഇയാള്‍ ആ വീട്ടിലേക്ക് സഹായങ്ങള്‍ ചെയ്തിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞപ്പോള്‍ പിതാവ് ആദ്യം ഫോണ്‍ ചെയ്തത് പ്രദീപിനെയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായ ദിവസമാണ് പ്രദീപിന്റെ ഫോണും ഓഫായത്. അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. ഇയാളുടെ ഫോണും 12-ാം തിയതി സ്വിച്ച് ഓഫ് ആയി. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാട്ടില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ നടത്തിയിരുന്നു. പ്രദീപ് പോകാനിടയുള്ള കര്‍ണാടക മടിക്കേരിയിലേയും കൂര്‍ഗിലേയും ബന്ധുവീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ദിവസങ്ങളായി കുട്ടിയെ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വ്യാപകമായി പോലീസിനെതിരെ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവ് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം. അഷ്റഫിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് അപേക്ഷയും നല്‍കി.