റിയോ ഡി ജനീറോ:കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളംബിയയുടെ മൂന്ന് പെനൽറ്റി കിക്കുകൾ തടുത്തിട്ട ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ പ്രശംസകൊണ്ട് മൂടി അർജന്റീന നായകൻ ലിയോണൽ മെസ്സി. മാർട്ടിനെസ് ഒരു പ്രതിഭാസമാണെന്ന് മെസ്സി മത്സരശേഷം പറഞ്ഞു.
ഞങ്ങൾക്ക് എമിയുണ്ടായിരുന്നു. അദ്ദേഹമൊരു പ്രതിഭാസമാണ്. അദ്ദേഹത്തെ ഞങ്ങൾക്ക് വിശ്വാസമായിരുന്നു.എല്ലാ മത്സരങ്ങളും പൂർത്തിയാക്കി ഞങ്ങളിതാ ഫൈനലിൽ എത്തിയിരിക്കുന്നു-മെസ്സി പറഞ്ഞു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ ഗോൾ കീപ്പറായ മാർട്ടിനെസ് അർജന്റീനയുടെ ഒന്നാം നമ്പർ ഗോൾ കീപ്പറായിരുന്നില്ല.
https://youtu.be/VSOCxnRGyKs
അർജന്റീനയുടെ ഒന്നാം നമ്പർ ഗോള് കീപ്പറായ അർമാനിക്ക് കൊവിഡ് ബാധിച്ചതോടെയാണ് ക്രോസ് ബാറിന് കീഴിൽ മാർട്ടിനെസിന് അവസരമൊരുങ്ങിയത്. കോപ്പയിൽ ഇത് മൂന്നാം തവണയാണ് അർജന്റീനയും കൊളംബിയയും സെമിയിൽ ഏറ്റുമുട്ടുന്നത്. 1993ൽ ആദ്യമായി ഏറ്റമുട്ടിയപ്പോഴും അർജന്റീന പെനൽറ്റി ഷൂട്ടൗട്ടിലാണ് ജയിച്ചത്. ആ വർഷം അർജന്റീന കോപ്പയിൽ ജേതാക്കളാവുകയും ചെയ്തു.
2004ൽ രണ്ടാം വട്ടം സെമിയിൽ ഏറ്റമുട്ടിയപ്പോഴും അർജന്റീന ജയിച്ച് ഫൈനലിൽ എത്തിയെങ്കിലും ബ്രസീലിന് മുന്നിൽ ഫൈനലിൽ കാലിടറി. ഇത്തവണ കോപ്പയിൽ തോൽവി അറിയാതെയാണ് അർജന്റീന ഫൈനലിൽ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് ജയങ്ങളും ഒരു സമനിലയും നേടിയ അർജന്റീന ക്വാർട്ടറിൽ ഇക്വഡോറിനെ 3-0ന് കീഴടക്കി.
കഴിഞ്ഞ ആറ് കോപ്പ ടൂർണമെന്റുകളിൽ നാലിലും അർജന്റീന ഫൈനലിൽ എത്തിയെങ്കിലും ഒരു തവണ പോലും കിരീടം നേടാനായിരുന്നില്ല. 30 വർഷമായി അർജന്റീന ഒരു പ്രധാന ടൂർണമെന്റിൽ കിരീടം നേടിയിട്ട്.